കുടുംബാംഗങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരേ പയ്യന്നൂര്‍ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനു പിന്നിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പി.ടി.ബേബിരാജിന് (32)എതിരേയാണ് കേസ്. വ്യാഴാഴ്ച അര്‍ധരാത്രിയിലാണു സംഭവം.
പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്‍ഡിനു സമീപത്തു വര്‍ഷങ്ങളായി കഴിയുന്ന നാടോടി കുടുംബം മഴയായതിനാല്‍ സ്റ്റേഡിയം ഗ്രൗണ്ടിലെ വാഹന പാര്‍ക്കിംഗിനു തയാറാക്കിയ ഷെഡിലാണു രാത്രി ഉറങ്ങാറുളളത്. അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ എടുത്ത് കൊണ്ടുപോയപ്പോള്‍ കുട്ടി ഒച്ചവച്ചതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള നാടോടി കുടുംബങ്ങള്‍ ഉണര്‍ന്നത്. രക്ഷിതാക്കള്‍ പിന്തുടര്ന്നതിനെത്തുടര്ന്ന് അക്രമി കുട്ടിയെ റോഡിലിട്ട് ബൈക്കില്‍ രക്ഷപ്പെടാനാണു ശ്രമിച്ചത്. യുവാവിനെ പിടിച്ചുവച്ച നാടോടികള്‍ ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി അക്രമിയെ സ്റ്റേഷനിലേക്കു കൊണ്ടു പോവുകയായിരുന്നുവെന്നു കുട്ടിയുടെ അമ്മ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് പയ്യന്നൂരിലെ ഒരു അഭിഭാഷകന് മുഖാന്തിരം പ്രതി നാടോടി കുടുംബത്തിനു പണം വാഗ്ദാനം ചെയ്യുകയും കേസില്‍ പെടുത്താതെ രക്ഷിക്കണമെന്ന് പറയുകയും ചെയ്തതായും അവര്‍ പറഞ്ഞു. ഇതിനായി 50,000 രൂപയുടെ ചെക്കും നല്കി. ഈ ചെക്ക് നാടോടി കുടുംബത്തിന്റെ കൈയിലുണ്ട്. ബേബിരാജിന്റെ പേരിലുള്ളതാണ് ചെക്ക്. സംഭവത്തിന്റെ പ്രധാന തെളിവായി മാറിയിരിക്കുകയാണ് ഈ ചെക്ക്.
വിവരമറിഞ്ഞ് ഇന്നലെ സിപിഎം പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പോത്തേര കൃഷ്ണന്, ലോക്കല്‍ കമ്മിറ്റി അംഗം സി.വി. ദിലീപ് എന്നിവര്‍ നാടോടി കുടുംബത്തിനൊപ്പം സ്റ്റേഷനിലെത്തിയതോടെയാണു പ്രശ്നം പുറം ലോകമറിഞ്ഞത്. നാടോടി കുടുംബത്തില്‍നിന്നു പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്സോ നിയമ പ്രകാരം കേസെടുത്തു.
സംഭവ ദിവസം നാടോടികളുമായുണ്ടായ ഉന്തിലും തള്ളിലും പ്രതിക്കു തലയ്ക്കു പരിക്കേറ്റിരുന്നു. പോലീസാണു പ്രതിയെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിച്ചത്. മദ്യലഹരിയില്‍ വീണതിനെത്തുടര്‍ന്നാണ് തലയ്ക്കു പരിക്കേറ്റതെന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നു പോലീസ് പറഞ്ഞു.