മലപ്പുറത്തെ എട്ടുവയസുകാരിയെ തിയറ്ററില്‍ പീഡിപ്പിച്ച മൊയ്തീന്‍കുട്ടി കൂടുതല്‍ കുടുക്കിലേക്ക്. ഇയാള്‍ പെണ്‍കുട്ടിയെ നേരത്തെയും പീഡിപ്പിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി വൈദ്യപരിശോധന നടത്താനാണ് പോലീസ് തീരുമാനം. അതേസമയം മകളെ പീഡിപ്പിക്കുന്നത് കണ്ടിട്ടില്ലെന്ന 35കാരിയായ അമ്മയുടെ വാദം പൊളിയുകയാണ്. രണ്ടു മണിക്കൂര്‍ തിയറ്റര്‍ ദൃശ്യങ്ങളില്‍ മൊയ്തീന് മകളെ പീഡിപ്പിക്കുന്നത് പലവട്ടം കാണുന്നുണ്ട്. എന്നിട്ടും ഇവര്‍ സന്തോഷിച്ച് ഇരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
യുവതി താമസിക്കുന്ന വീട് മൊയ്തീന്റെ ബന്ധുവിന്റേതാണ്. വഴിവിട്ട ജീവിതം നയിക്കുന്നുവെന്ന പരാതി യുവതിക്കെതിരേ നേരത്തെ തന്നെ അയല്‍ക്കാര്‍ ഉന്നയിച്ചിരുന്നതായി സൂചനയുണ്ട്. പാതിരാത്രികളില്‍ അജ്ഞാതര്‍ ഇവരുടെ വീടുകളിലെത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. വീട്ടില്‍വച്ച് മൊയ്തീന് പെണ്‍കുട്ടിയെ നേരത്തെ തന്നെ പീഡിപ്പിച്ചിരുന്നെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മൊയ്തീനെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് മുപ്പത്തഞ്ചുകാരി ഇപ്പോള്‍ നടത്തുന്നത്.
ഏപ്രില്‍ 18-ന് നടന്ന സംഭവത്തില്‍ തിയേറ്റര്‍ ഉടമകള്‍ ചൈല്ഡ്ലൈന് മുഖേന പൊലീസില്‍ പരാതിനല്‍കിയിരുന്നെങ്കിലും ഇയാള്‍ക്കെതിരേ കേസെടുക്കാന്‍പോലും തയ്യാറായിരുന്നില്ല. സംഭവത്തില്‍ വീഴ്ചവരുത്തിയ ചങ്ങരംകുളം എസ്ഐ. കെ.ജെ. ബേബിയെ അന്വേഷണവിധേയമായി തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി. എം.കെ. അജിത്കുമാര്‍ സസ്പെന്‍ഡ് ചെയ്തു. വാര്‍ത്ത പുറത്തുവന്ന ശേഷം മൂന്നുമണിക്കൂര്‍ ഇയാളെ കണ്ടെത്താനുള്ള കഠിനശ്രമത്തിലായിരുന്നു പൊലീസ്. വൈകുന്നേരത്തോടെ ഇയാളെ ഷൊര്‍ണൂരില്‍നിന്ന് പിടികൂടി. വാര്‍ത്തവരുമ്പോള്‍ ഇയാള്‍ തൃത്താലയിലായിരുന്നു. സംഭവമറിഞ്ഞ് മുങ്ങിയ പ്രതി ഷൊര്‍ണൂരില്‍ അഭിഭാഷകനെ കാണാന്‍ പോയി. കീഴടങ്ങാനായിരുന്നു നിര്‍ദ്ദേശം. അതിനുമുന്പേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് സംഭവത്തിലെ ചുരുള്‍ അഴിഞ്ഞത്.
ദുബായിലും ഷൊര്‍ണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി. റിയല്‍ എസ്റ്റേറ്റ് ബിസിനസുമുണ്ട്. ഇയാളുടെ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന ഈ സ്ത്രീയുമായി കുറേക്കാലമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ക്വാര്‍ട്ടേഴ്സിലെ താമസത്തിന് വാടക കൊടുക്കുന്നില്ലെന്നും സൂചനയുണ്ട്. ക്വാര്‍ട്ടേഴ്സിലെ വാടക വേണ്ടെന്ന് വച്ചതിന് പ്രത്യുപകാരമായിരുന്നു മുതലാളിയുമായി അമ്മയുടെ സിനിമയ്ക്ക് പോകല്‍. മകളെ പീഡിപ്പിക്കാനും അവസരമൊരുക്കി.
ഇക്കാര്യമെല്ലാം പൊലീസിനോട് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ ചങ്ങരംകുളം പൊലീസിന് കൈമാറി. പന്ത്രണ്ടുവയസ്സില്‍ കുറവുള്ള പെണ്‍കുട്ടിയെ ഇത്തരത്തില്‍ ലൈംഗികമായി ഉപദ്രവിക്കുന്നത് പോക്സോനിയമത്തിന്റെ നാലും അഞ്ചും വകുപ്പുപ്രകാരമുള്ള കുറ്റമാണ്. ഗൗരവമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണമായാണ് വകുപ്പ് ഈ കുറ്റകൃത്യത്തെ കാണുന്നത്. പത്തുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കഠിനതടവും പിഴയുമാണ് ഇതിനുള്ള ശിക്ഷ.