തിരുവല്ല: സബ്ട്രഷറി മുനിസിപ്പൽ അതിർത്തിയിൽ നിന്നും മാറ്റി പഞ്ചായത്ത് അതിർത്തിയിലേക്ക് കൊണ്ടുപോരാൻ ശ്രമിക്കുന്നുവെന്ന വാർത്ത ഭാവനാ സൃഷ്ടിയെന്ന് മന്ത്രി മാത്യു ടി.തോമസ്. അതിന്റെ പേരിൽ തന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഇടതുസർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഉദ്ദേശിച്ച് സംഘടിപ്പിച്ച വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ധനമന്ത്രിയും ട്രഷറി വകുപ്പും ഇങ്ങനെയൊരു നിർദ്ദേശം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. തിരുവല്ലയ്ക്ക് ട്രഷറി പണിയാൻ അനുവദിച്ച നാലുകോടി രൂപ 2011 ൽ യുഡിഎഫ് നഗരസഭാ ഭരണസമിതി സ്ഥലം അനുവദിക്കാതെ റദ്ദ് ചെയ്തതോടെയാണ് നടക്കാതെ പോയത്.
മുനിസിപ്പാലിറ്റി സ്ഥലം തന്നാൽ മുനിസിപ്പൽ പ്രദേശത്ത് തന്നെ പുതിയ ട്രഷറി നിർമാണം നടത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.