കൊച്ചി: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വിലയിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങി. കഴിഞ്ഞ 24 മുതൽ ഇന്നലെ അർധരാത്രി വരെ മാറ്റമില്ലാതെ തുടർന്ന ഇന്ധനവില എണ്ണക്കന്പനികൾ ഇന്ന് വർധിപ്പിച്ചിരിക്കുകയാണ്.
പെട്രോളിന് 18 പൈസയുടെയും ഡീസലിന് 22 പൈസയുടെയും വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ പെട്രോളിന് ലിറ്ററിന് കൊച്ചിയിൽ 77.57 രൂപയും ഡീസലിന് 70.60 രൂപയുമായി. 77.39 രൂപയായിരുന്നു പെട്രോളിന്റെ ഇന്നലത്തെ വില. ഡീസലിന്റേത് 70.38 രൂപയുമായിരുന്നു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ധന വില പിടിച്ചു നിർത്താൻ കന്പനികൾക്കു നിർദേശം നൽകിയെന്ന ആരോപണം കേന്ദ്രസർക്കാർ നിഷേധിച്ചപ്പോഴും കഴിഞ്ഞ ഏപ്രിൽ 24നു ശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ദിനംപ്രതിയുള്ളത് മാറ്റി 15 ദിവസം കൂടുന്പോൾ മാത്രം വില വർധനവ് നടപ്പാക്കണമെന്ന് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നാളുകളായി ആവശ്യപ്പെടുന്നതാണെങ്കിലും ഇത്രയും ദിവസം വില വർധിപ്പിക്കാതിരുന്നത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി തന്നെയാണെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആർ. ശബരിനാഥ് പറഞ്ഞു.
വരും ദിവസങ്ങളിലും വിലയിൽ വലിയ തോതിലുള്ള വർധനവുകൾ ഉണ്ടായേക്കാമെന്നാണ് സൂചന. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി കുറക്കാൻ തയ്യാറായാൽ പെട്രോൾ വില കുറക്കാൻ സാധിക്കും. എന്നാൽ ഇരു സർക്കാരുകളും അതിന് തയാറാകുന്നില്ലെന്നും ആർ. ശബരിനാഥ് പറഞ്ഞു.