കോഴിക്കോട്: കോഴിക്കോടിന്റെ ചരിത്രവും സംസ്കാരവും നിലനിര്‍ത്തി പ്രകൃതിക്കിണങ്ങിയ രീതിയിലുള്ള ഏകീകൃത ജലടൂറിസം പദ്ധതിയുടെ രൂപരേഖ തയാറാക്കി. കോഴിക്കോട് നഗരത്തെ പ്രധാന വിനോദസഞ്ചാരമേഖലയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സാണ് ഏകീകൃത ജല ടൂറിസം പദ്ധതി വിഭാവനം ചെയ്തത്. നാലുമാസത്തെ പഠനങ്ങള്‍ക്കു ശേഷമാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുള്ളത്.
എലത്തൂര്‍ പുഴ, കനോലികനാല്‍, കല്ലായ് പുഴ, കാലിക്കറ്റ് ബീച്ച് എന്നിങ്ങനെ ജലപാതയിലൂടെ നഗരം ചുറ്റി സഞ്ചരിക്കുന്നതിനുള്ള അര്‍ബണ്‍ വാട്ടര്‍ ലൂപ്പായി കോഴിക്കോട് നഗരത്തെ മാറ്റും വിധത്തിലുള്ള പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. ഓരോ മേഖലയിലും നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠനത്തിലൂടെ മനസിലാക്കുകയും അതതു പ്രദേശത്തിന്റെ തനിമയും പൈതൃകവും നിലനിര്‍ത്തിക്കൊണ്ടുമാണ് മാസ്റ്റര്‍പ്ലാന്‍ . 750 ഹെക്ടര്‍ പ്രദേശത്താണു പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്.
ഇതുവഴി ജില്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിക്കുകയും ജനങ്ങളുടെ ജീവിത നിലവാരം കൂടുതല്‍ മെച്ചപ്പെടുകയും സാമ്പത്തികാഭിവൃദ്ധി നേടാനാവുകയും ചെയ്യുമെന്നാണ് ഐഐഎ വ്യക്തമാക്കുന്നത് . കൂടാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതി സൗന്ദര്യം തിരിച്ചുകൊണ്ടുവരാനും അതുവഴി ജില്ലയുടെ വിനോദസഞ്ചാര മേഖലയുടെ വികസനവും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.
ജലപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്കു അതത് പ്രദേശത്തെ സവിശേഷതകള്‍ നേരിട്ടറിയാനും അവിടുത്തെ പ്രദേശിക ഭക്ഷണവും ജീവിതശൈലിയും അടുത്തറിയാനും സൗകര്യമൊരുക്കും വിധത്തിലാണു പദ്ധതി വിഭാവനം ചെയ്തത്. നിലവിലെ പാര്‍ക്കുകള്‍, അമ്പലങ്ങള്‍, കുളങ്ങള്‍, എന്നിവ പുനരുദ്ധീകരിക്കേണ്ടതാണെങ്കില് അപ്രകാരം ചെയ്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
നാലുമേഖലകളായി തിരിച്ചുള്ള പദ്ധതിക്കായി 185 – 218 കോടി രൂപയാണ് കണക്കാക്കുന്നത്. കനോലികനാലിനെ നവീകരിക്കുന്നതിനും അനുബന്ധ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി 50-60 കോടി രൂപയും എലത്തൂര്‍ പുഴയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു അഞ്ചുമുതല്‍ 18 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കല്ലായ് പുഴയുടെ നവീകരണത്തിനും കല്ലായി പ്രദേശത്തിന്റെ നവീകരണത്തിനുമായി 50-60 കോടിയും കാലിക്കറ്റ് ബീച്ചില്‍ പദ്ധതി നടപ്പാക്കുന്നതിനായി 70-80 കോടി രൂപയുമാണ് ബജറ്റ്.
കനോലി കനാലിന്റെ വീതി കൂട്ടണം
ജലടൂറിസം പദ്ധതി പ്രാവര്‍ത്തികമാവണമെങ്കില്‍ ഏറ്റവും പ്രധാനമായി വേണ്ടത് കനോലികനാലിന്റെ വീതി കൂട്ടലാണെന്നാണ് ഐഐഎയുടെ പഠനത്തില്‍ നിന്നും വ്യക്തമായത്. കനാലിന്റെ വീതിയും ആഴവും കൂട്ടുന്നതോടെ ഒഴുക്ക് സുഖമമാവുകയും ചെളിയും മാലിന്യവും കെട്ടികിടക്കുന്നത് ഒഴിവാകുകയും ചെയ്യും.
നിലവിലെ റോഡ് അതേ രീതിയില്‍ നിര്‍ത്തി കനാലിന്റെ വീതി കൂട്ടാനുള്ള പദ്ധതിയെ കുറച്ചാണ് ആലോചിക്കുന്നത് . എരഞ്ഞിക്കല്‍ മുതല്‍ കുണ്ടൂപറമ്പ് വരെയുള്ള ഭാഗത്ത് ഒരു മീറ്റര്‍ വീതി കൂട്ടണം. ഇപ്പോള്‍ 18 മീറ്റര്‍ മുതല്‍ 13 മീറ്റര്‍ വരെയാണ് ഈ ഭാഗത്തെ കനാലിനന്റെ വീതി.
കുണ്ടൂപറമ്പ് -കാരപ്പറമ്പ് വരെയുള്ള ഭാഗത്ത് 11 മീറ്റര്‍ മുതല്‍ 16 മീറ്റര്‍ വരെയാണു കനാലിന്റെ വീതി. ഒരു മീറ്റര്‍ ഈ ഭാഗത്തും വീതി കൂട്ടണം. കാരപ്പറമ്പ് മുതല്‍ എരഞ്ഞിപ്പാലം വരെ എട്ടു മുതല്‍ 13 മീറ്റര്‍ വരെയാണിപ്പോള്‍ കനാലുള്ളത്. ഇൗ ഭാഗങ്ങളില്‍ മൂന്ന് -നാല് മീറ്റായി വീതി കൂട്ടണം.
എരഞ്ഞിപ്പാലം -അരയിടത്തു പാലം ഭാഗത്ത് വീതികൂട്ടേണ്ടതായില്ല. ഇവിടെ 14 മുതല്‍ 27 മീറ്റര്‍ വരെ കനാലിനു വീതിയുണ്ട്. അരയിടത്തുപാലം മുതല്‍ കല്ലായി വരേയും വീതികൂട്ടേണ്ട ആവശ്യമില്ല. 17 മീറ്റര്‍ മുതല്‍ 33 മീറ്റര്‍വരെ ഈ ഭാഗത്ത് വീതിയുണ്ട്.
കനോലികനാലിനു അരികിലൂടെയുള്ള റോഡില്‍ നടപ്പാത, വ്യായാമത്തിനും സൈക്കിള്‍ ഓടിക്കാനുമുള്ള പ്രത്യേക ട്രാക്ക്, സൈക്കിള്‍ ട്രാക്ക്, കനാലില്‍ വാട്ടര്‍ സ്പോര്‍ട്സ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.