പെരുന്പാവൂർ: സ്കൂട്ടർ അപകടത്തിൽപ്പെട്ടു പരിക്കേറ്റ വീട്ടമ്മയെ മന്ത്രി വി.എസ്. സുനിൽ കുമാർ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ എട്ടോടെ പെരുന്പാവൂർ വല്ലം ചൂണ്ടി കവലയിലായിരുന്നു അപകടം.
തൃശൂരിൽനിന്നു കോട്ടയത്തേക്കുള്ള യാത്രയിലായിരുന്നു മന്ത്രി. കാഞ്ഞിരക്കാട് പെരുമുറ്റത്ത് അനിൽ കുമാറിന്റെ ഭാര്യ സജിതയാണ് അപകടത്തിൽപ്പെട്ടത്. കോടനാട് റോഡിൽനിന്നു സജിത ഓടിച്ചിരുന്ന സ്കൂട്ടർ എംസി റോഡിലേക്ക് പ്രവേശിച്ചപ്പോൾ മറ്റൊരു ഇരുചക്ര വാഹനത്തിൽ തട്ടി റോഡിൽ മറിഞ്ഞു വീഴുകയായിരുന്നു.
റോഡിൽ വീണ് പരിക്കേറ്റ സജിതയെ അതുവഴി വന്ന മന്ത്രിയുടെ വാഹനത്തിൽ പെരുന്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സജിതയുടെ കുടുംബാംഗങ്ങൾ എത്തിയശേഷമാണു മന്ത്രി കോട്ടയത്തേക്കു യാത്ര തുടർന്നത്.