ശബരിമല: ശബരിമല ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ വാർധക്യം തന്ത്രി കണ്ഠര് മഹേശരർക്ക് ഒരിക്കലും തടസമായിരുന്നില്ല. ക്ഷേത്ര ആചാരങ്ങള്‍ പാലിക്കുന്നതു വളരെ കൃത്യതയോടെയായിരുന്നു.
ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടുന്ന കാലത്തും പുലര്‍ച്ചെ രണ്ടിന് ഉണര്‍ന്ന് മൂന്നിനു ക്ഷേത്രനട തുറന്ന് അയ്യപ്പസ്വാമിയുടെ പൂജകളില്‍ വ്യാപൃതനാകുന്ന മഹേശ്വരര് ക്ഷേത്ര നട അടയ്ക്കുന്ന രാത്രി 11 വരെ ഒരു വിശ്രമവുമില്ലാതെയാണ് ക്ഷേത്ര കര്‍മങ്ങള്‍ നടത്തിയിരുന്നത്. ഡിസംബര്‍ – ജനുവരി മാസങ്ങളിലെ കോച്ചുന്ന തണുപ്പിലും പുലര്‍ച്ചെ എഴുന്നേറ്റ് പച്ചവെള്ളത്തില്‍ കുളിക്കുന്ന തന്ത്രിയെ അത്ഭുതത്തോടെ മാത്രമാണ് അദ്ദേഹത്തിന്റെ സഹായികളും മറ്റുള്ളവരും കണ്ടിരുന്നത്.
മഹേശ്വരരുടെ ഗണപതി ഹോമവും മറ്റ് പൂജകളും ഏറെ പ്രസിദ്ധമായിരുന്നു. മണിക്കൂറുകളോളമെടുത്താണ് പൂജകള്‍ക്കും മറ്റും കാര്‍മികത്വം വഹിച്ചിരുന്നത്. ശാരീരിക ക്ലേശങ്ങള്‍ ഉണ്ടായിരുന്ന തന്ത്രിയെ സഹായിക്കാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. രാജഗോപാലന്‍ നായര്‍ തന്ത്രി കുടുംബത്തിന്റെ അനുവാദത്തോടുകൂടി ഒരു പരിചാരകനെ നിയമിച്ചപ്പോള്‍ ആദ്യം അദ്ദേഹം അതിന് എതിരായിരുന്നു.
പിന്നീട് അന്നത്തെ ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെയും മറ്റുള്ളവരുടെയും സ്നേഹത്തോടെയുള്ള നിര്‍ബന്ധത്തെ തുടര്‍ന്നാണ് അദ്ദേഹം സമ്മതിച്ചത്. അയ്യപ്പ സ്വാമിയെ പൂജിക്കുന്നതിന് തന്റെ ശാരീരിക ക്ലേശങ്ങള്‍ പ്രശ്നമല്ലെന്ന പറഞ്ഞ തന്ത്രിയുടെ വാക്കുകള്‍ എന്നും ഓര്‍മിക്കുന്നതാണ്. ഒരു ഘട്ടത്തില്‍ തന്ത്രിയെ പരിചരിക്കുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ പ്രായം ചെന്ന അന്തർജനവും സന്നിധാനത്തെത്തിയിരുന്നു.
തന്നെ കണ്ട് ബുദ്ധിമുട്ടും പ്രയാസവും പറയുന്ന ഭക്തരോട് അയ്യപ്പന് കാത്തുകൊള്ളുമെന്ന് പറഞ്ഞ് കളഭവും ഭസ്മവും കൊടുത്ത് പുഞ്ചിരിയോടെയാണ് യാത്രയാക്കിയിരുന്നത്. ശബരിമലയില്‍ ഇന്നത്തെപ്പോലെയുള്ള സാഹചര്യങ്ങളില്ലാതിരുന്ന കാലങ്ങളില്‍ പമ്പയില്‍നിന്നും രാത്രിയില്‍ ചൂട്ടുവെളിച്ചത്തില്‍ ഒറ്റയ്ക്കുതന്നെ മല കയറുന്ന തന്ത്രി എല്ലാം അയ്യപ്പന് നോക്കികൊള്ളുമെന്ന വിശ്വാസത്തിലായിരുന്നു.
ശബരിമലയിലെ ഇപ്പോഴത്തെ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കര്‍മങ്ങളിലും അച്ഛനോടൊപ്പം പങ്കെടുത്തിരുന്നു. ശബരിമലയുമായുണ്ടായ തര്‍ക്കങ്ങളിലും വിവാദങ്ങളിലും ഒന്നിലും പെടാതെ ക്ഷേത്ര കാര്യങ്ങളില്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.
ശബരിമല ക്ഷേത്രത്തിലെ മുതിര്‍ന്ന തന്ത്രി സ്ഥാനം വഹിക്കുമ്പോള്‍ തന്നെ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നൂറു കണക്കിന് ക്ഷേത്രങ്ങളിലെ താന്ത്രിക ചുമതലയുണ്ടായിരുന്നു. തനിക്ക് താന്ത്രിക ചുമതലയുണ്ടായിരുന്ന ക്ഷേത്രങ്ങളിലെ എല്ലാ കാര്യങ്ങളിലും അദ്ദേഹം നേരിട്ട് ഇടപെടുമായിരുന്നു.
വാർധക്യ സഹജമായ രോഗത്താല്‍ രണ്ടു വര്‍ഷത്തിലേറെ കാലമായി ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ താന്ത്രിക സ്ഥാനം അദ്ദേഹം അടുത്ത തലമുറയ്ക്ക് കൈമാറി ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ താഴമണ്‍ കുടുംബത്തില്‍ തന്നെയായിരുന്നു. തന്ത്രി സ്ഥാനം വഹിക്കുന്ന സമയത്തുതന്നെ ഇളം തലമുറയില്‍പ്പെട്ട തന്ത്രി അവകാശവുമുള്ള കണ്ഠര് ബ്രഹ്മദത്തന്, ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ് മോഹനര് ഇവരെയും ശബരിമലയിലെ പൂജകളില്‍ പങ്കെടുപ്പിക്കുമായിരുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിൽ നടക്കുന്ന കേസില്‍ തന്ത്രി കുടുംബത്തെ കക്ഷി ചേര്‍ക്കുന്നതിലും മഹേശ്വരര്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ശബരിമലയിലെ ആചാരങ്ങളില്‍ ഒരു വിഘ്നവും വരുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിരുന്നു. തന്നെ കാണാനെത്തുന്ന കൊച്ചു പെണ്‍കുട്ടികളോട് ശബരിമല ക്ഷേത്രത്തിന്റെ മാഹാത്മ്യവും ആചാരങ്ങളും ലളിതമായ ഭാഷയില്‍ പറഞ്ഞുകൊടുക്കുമായിരുന്നു.
ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്ന ഇന്നലെ തന്നെ അദ്ദേഹം മരിച്ചതും ഒരു പ്രത്യേകതയാണ്. തന്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട് വൈകുന്നേരം നട തുറന്ന് കലശം നടത്തി അടച്ചതിനുശേഷം വീണ്ടും തുറക്കുകയായിരുന്നു.