ഏറ്റുമാനൂർ: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് കണ്ടക്ടർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്ക്.പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വെളുപ്പിന് 5.30ന് വൈക്കം റോഡിൽ തവളക്കുഴി ജംഗ്ഷനിലാണ് അപകടം.
കാസർഗോഡു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന കെ എസ്ആർടിസി ബസ് അതേ ദിശയിൽ പോകുകയായിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ടാർ മിക്സിംഗ് യൂണിറ്റുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ബസിന്റെ മുൻഭാഗം പാടേ തകർന്നു. കാസർഗോഡ് ഡിപ്പോയിലെ ബസാണിത്. ബസിൽ യാത്രക്കാർ കുറവായിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു.
ഏറ്റുമാനൂർ പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ എട്ടുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കണ്ടക്ടർ കണ്ണൂർ അരങ്ക് പാലിക്കുളത്തിൽ കെ യു ബാബുവിന്റെ കാലിന് ഒടിവുണ്ട്. മറ്റാരുടെയും പരിക്ക് സാരമുള്ളതല്ല.
പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: തിരുവനന്തപുരം ചിന്തു ഭവനം പ്രേം രാജിന്റെ മകൻ മിഥുൻ രാജ് (21), ബസ് കണ്ടക്ടർ കണ്ണൂർ അരങ്ങ് കാരിക്കുളത്തിൽ യോഹന്നാന്റെ മകൻ ബാബു (47), സുൽത്താൻ ബത്തേരി നന്പ്യാർകുന്ന് വടശേരി മോഹൻദാസിന്റെ മകൾ അരുണിമ (23) , ആലപ്പുഴ ചെന്നിത്തല കളത്തൂരാൻ പറന്പിൽ ബാലമുരളികൃഷ്ണൻ (57) , പാലക്കാട് കാറൽ മണ്ണാ പല്ലവിയിൽ ജയചന്ദ്രൻ ബാബുവിന്റെ മകൻ ഗോപിചന്ദ് (23), തിരുവല്ല ചാത്തങ്കരി മണപ്പുറത്ത് സുഭാഷിന്റെ ഭാര്യ ഷിനി (40), തിരുവല്ല കല്ലുങ്കൽ പ്രദീപ് ഭവനത്തിൽ ദിനേശിന്റെ ഭാര്യ പ്രഭ (36) , മകൾ ആരാധ്യ (നാല്).
ഫയർഫോഴ്സ് എത്തി ബസ് റോഡിൽ നിന്നും മാറ്റിയിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എട്ടു മണിയോടെ കെ എസ് ആർ ടി സി യുടെ മെക്കാനിക്കൽ വിഭാഗം എത്തിയാണ് ബസ് മാറ്റിയത്.