ചിങ്ങവനം: എംസി റോഡിൽ ഇന്നലെയും അപകടത്തിൽ ഒരു ജീവൻ പൊലിഞ്ഞു. കാറും ആക്ടീവയും കൂട്ടിയിടിച്ച് ആക്ടീവയിൽ യാത്രചെയ്തിരുന്ന പാക്കിൽ ചാത്തമല ഏബ്രഹാം അലക്സാണ്ടർ (59) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.45ന് എംസി റോഡിൽ പള്ളം ബോർമ കവലയ്ക്കു സമീപം കെഎസ്ഇബി ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്.
വീട്ടിൽനിന്നും സ്കൂട്ടറിൽ ചിങ്ങവനത്തേക്ക് പോകുകയായിരുന്ന ഏബ്രഹാമിനെ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ടൊയോട്ടാ കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഏബ്രഹാമിനെ നാട്ടുകാർ ഉടൻതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെഎസ്ഇബിയിൽ കരാർ ജീവനക്കാരനായിരുന്നു. ഭാര്യ: ഐവി. മക്കൾ: ആൽബിൻ, അലീന. സംഭവത്തെ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. സംസ്കാരം നാളെ നടക്കും. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.