ഡൊമനിക് ജോസഫ്
ചെങ്ങന്നൂർ: തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ ആയുധങ്ങളും എടുത്ത് പയറ്റി രംഗം കൊഴിപ്പിക്കുന്ന ശൈലിയാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ. മറ്റ് തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി പ്രചരണത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പുതുമയ്ക്ക് സാക്ഷ്യം വഹിക്കുന്ന തെരഞ്ഞെടുപ്പാണ് ചെങ്ങന്നൂരിരിലേത്. വിവാഹ വേദികളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധങ്ങളായ വേറിട്ട കാഴ്ചകളുണ്ട്.
വധുവരന്മാർക്ക് ആശംസാ കാർഡുകൾ വിതരണം ചെയ്യുന്പോൾ സ്ഥാനാർഥിയുടെ പേരും ഫോട്ടോയും ചിഹ്നവും ഉൾപ്പെടുത്തിയുള്ള പ്രചാരണം സാധാരണമാണ്. ഇത് കഴിഞ്ഞ് കല്യാണക്കുറികളിൽ സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിക്കുന്ന അപൂർവ്വ കാഴ്ചകളും ഇതിനോടകം കണ്ടുകഴിഞ്ഞു.
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കല്യാണ കുറി വോട്ടിംഗ് മെഷീന്റെ മാതൃകയിൽ തയാറാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം വിവാഹവും ക്ഷണിക്കുന്നത് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ തുടക്കം കുറിക്കുകയാണ്. ബാലറ്റ് മെഷീൻ മാതൃകയിൽ തയാറാക്കിയിരിക്കുന്ന കല്യാണക്കുറിയിൽ ഒന്ന് മുതൽ എട്ട് സ്ഥാനാർഥികളുടെ ചിഹ്നം വലത് വശത്ത് നൽകിയിട്ടുണ്ട്.
എന്നാൽ ഇടത് വശത്ത് അക്കമിട്ട് ഏഴ് കോളത്തിൽ ക്ഷണപത്രികയാണ് തയാറാക്കിയിരിക്കുന്നത്. എന്നാൽ എട്ടാമത് എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് നിങ്ങളുടെ ഒരോ വോട്ടും നൽകണമെന്ന അഭ്യർഥനയാണ് നൽകിയിരിക്കുന്നത്. വലത് വശത്ത് ചിഹ്നവും നൽകിയിട്ടുണ്ട്. കൊല്ലകടവ് മേപ്പള്ളിത്തറയിൽ ലിജോ ജോയിയുടെ വിവാഹ ക്ഷണക്കത്താണ് ഇപ്രകാരം തയാറാക്കിയിരിക്കുന്നത്. മെയ് 24-ന് വെണ്ണികകുളം ക്ലലി മേൽ വച്ചാണ് വിവാഹം.ഇതിനോടകം സമൂഹ മാധ്യമങ്ങളിലും കല്യാണക്കുറി വൈറൽ ആയിരിക്കുകയാണ്.