കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച് വിവാദത്തിലകപ്പെട്ട നടിയാണ് ശ്വേത മേനോന്. മിസ് ഇന്ത്യയായും തിളങ്ങിയിട്ടുള്ള ശ്വേതയെ ആത്മവിശ്വാസത്തിന്റെ ആള്‍രൂപമെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ മറ്റേതൊരാളുടെ ജീവിതത്തിലുമെന്ന പോലെ ഈ നടിക്കും ഒരു ഭൂതകാലമുണ്ട്, അത്രയൊന്നും സുഖകരമല്ലാത്തൊരു കാലം. പ്രണയ പരാജയത്തിന്റെ നാളുകളില്‍ സംഭവിച്ച കാര്യങ്ങള്‍ ശ്വേത തന്നെ തുറന്നു പറയുകയാണ്. ഒരു മാസികയില്‍ എഴുതിയ കുറിപ്പിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ബോബി ഭോസ്ലെയെ വിവാഹം കഴിച്ച സമയം. കരിയറിനേക്കാള്‍ കുടുംബജീവിതത്തിനാണ് ആ സമയത്ത് ഞാന്‍ കൊതിച്ചത്. എന്നാല്‍ ആഗ്രഹിച്ച കുടുംബജീവിതം ഉണ്ടായില്ല. എന്റെ കരിയറിനേയും അത് നശിപ്പിച്ചു. സുഹൃത്തുക്കള്‍ എന്നെ വിട്ടുപോയി. എന്നെയാര്‍ക്കും ഇഷ്ടമല്ലാതായി. പരാജയപ്പെട്ട് ഇങ്ങനെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല. ദേഷ്യവും വൈരാഗ്യവും സങ്കടവും ഒരേ സമയം മനസ്സില്‍ വന്നപ്പോള്‍ ഞാന്‍ തീരുമാനിച്ചു, എന്നെ വഞ്ചിച്ചയാളെ ഒരു പാഠം പഠിപ്പിക്കണം.
ആത്മഹത്യയായിരുന്നു ഞാനതിനു കണ്ടെത്തിയ വഴി.ലോഖണ്ട് വാലയിലെ അടച്ചിട്ട മുറിയുടെ ഏകാന്തതയില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പറ്റിയ സാഹചര്യം. എങ്ങനെയാകണം മരണം? ഒരു രാത്രി മുഴുവന്‍ ചിന്തിച്ചു. ഞരമ്പു മുറിച്ച് രക്തം വാര്‍ന്നു മരിക്കാം എന്നായിരുന്നു ആദ്യ ചിന്ത. പിന്നെ തോന്നി അങ്ങനെയാകുമ്പോള്‍ ഇഞ്ചിഞ്ചായിട്ടാണ് ജീവന് പോകുക. അധികം വേദനയറിയരുത്. ഒറ്റ സെക്കന്റില്‍ തീരണം. തൂങ്ങിമരിക്കുന്നതാണ് നല്ലത്. പിറ്റേന്ന് രാവിലെ എണീറ്റു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം തൊട്ട് എന്റെ ചിന്തകള്‍ സ്വാര്‍ഥമായിരുന്നു.
പിന്നെ മനസ്സില്‍ അമ്മയില്ല, അച്ഛനില്ല, ദൈവമില്ല. ആകെയുള്ളത് വഞ്ചിച്ചയാളോടുള്ള പ്രതികാരം മാത്രം. സിനിമയിലും മറ്റും കണ്ടിട്ടുള്ളതുകൊണ്ട്. തൂങ്ങിമരണത്തിന്റെ രീതിയൊക്കെ അറിയാം. കസേരയില്‍ കയറി കുരുക്കിട്ട് ചാടി. ഒന്നു പിടഞ്ഞു. പക്ഷേ, കുരുക്കഴിഞ്ഞ് ഞാന്‍ താഴെ വീണു. ലക്ഷ്യം പിഴച്ചെങ്കിലും ആ തൂങ്ങിയാടലിന്റെ കിതപ്പുമാറാന്‍ ഏറെ സമയമെടുത്തു. ജീവന് തിരിച്ചു കിട്ടിയെന്ന് ഉറപ്പായപ്പോഴാണ്, ചെയ്തത് തെറ്റായിപ്പോയെന്ന തോന്നലുണ്ടാകുന്നത്. മനസുകൊണ്ട് അച്ഛനോടും അമ്മയോടും സോറി പറഞ്ഞ് കുറേ കരഞ്ഞു.