പുതുക്കാട്: നാട്ടുകാരുടെ പ്രതിഷേധം കാറ്റിൽപറത്തി തൃക്കൂർ പാലയ്ക്കപ്പറന്പ് റോഡിൽ അനുബന്ധ സൗകര്യങ്ങളൊരുക്കാതെ ടാറിംഗ് പൂർത്തിയാക്കി. പാലയ്ക്കപ്പറന്പിൽ റോഡിലേക്കിറങ്ങി നിന്നിരുന്ന വൈദ്യുതി കാൽ നീക്കാതെയാണ് ടാറിട്ടിരിക്കുന്നത്. റോഡിന്റെ കാൽഭാഗത്തോളം ഉള്ളിലായാണ് വൈദ്യുതി കാൽ നിൽക്കുന്നത്.
റോഡിനടിയിലൂടെയുള്ള വാട്ടർ അഥോറിറ്റിയുടെ പൈപ്പുകളും അധികൃതർ നീക്കം ചെയ്തിട്ടില്ല. പാലയ്ക്കപ്പറന്പ് സെന്ററിനോട് ചേർന്നുള്ള ഭാഗങ്ങളിൽ പുറന്പോക്ക് കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയോ ഭൂമി ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല.
അനുബന്ധ സൗകര്യങ്ങളൊരുക്കാതെ കഴിഞ്ഞദിവസം ആരംഭിച്ച മെക്കാർഡം ടാറിംഗ് നാട്ടുകാർ തടഞ്ഞിരുന്നു. രണ്ടാംഘട്ട ടാറിടലിനു മുന്പ് സ്ഥലമേറ്റെടുക്കലും വൈദ്യുതി പോസ്റ്റ് നീക്കുന്നതും പൂർത്തിയാക്കുമെന്ന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് അന്ന് നാട്ടുകാർ പ്രതിഷേധമവസാനിപ്പിച്ചത്. എന്നാൽ ഉറപ്പുകൾ പാലിക്കാതെയാണ് ഇന്നലെ ടാറിംഗ് നടത്തിയത്.