പൂക്കോട്ടുംപാടം: മകളുടെ വിവാഹ ദിവസം സാമൂഹ്യനൻമ പ്രവർത്തനത്തിനു തുടക്കംകുറിച്ച് ചുള്ളിയോട്ടിലെ വ്യാപാരി നേതാവ് എൻ. അബ്ദുൾമജീദ്. മകളുടെ വിവാഹ വേദിയിൽ വച്ച് അദ്ദേഹം ഭവനരഹിതർക്കു സൗജന്യമായി താമസിക്കാൻ രണ്ടു വീടുകൾ നിർമിച്ചു നൽകി മാതൃകയായി.
വീടുകൾ പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ സമർപ്പണം നടത്തി. വിവാഹ വേദിയിൽ വച്ച് വീടിന്റെ താക്കോൽദാനം ഹൈക്കോടതി ജഡ്ജി അനുശിവരാമൻ, മുറ്റിപ്പിലാൻ സാദിഖിനു കൈമാറി. മാതൃകാപരമായ സാമൂഹ്യ പ്രവർത്തനമാണ് അബ്ദുൾമജീദ് നിർവഹിച്ചതെന്നു അവർ പറഞ്ഞു.
വിവാഹത്തിനു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കാർമികത്വം വഹിച്ചു. പി.വി അബ്ദുൾ വഹാബ് എംപി അധ്യക്ഷത വഹിച്ചു. മഹല്ല് ഖാസി അസ്ലംമുസ്ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തി. 650 സ്ക്വയർ ഫീറ്റ്് വീതമുള്ള രണ്ടു വീടുകളാണ് മജീദ് നിർമിച്ചു നൽകിയത്. രണ്ടു മുറി, ഹാൾ, അടുക്കള, സിറ്റൗട്ട്, കിണർ എന്നി സൗകര്യങ്ങളോടെയാണ് വീട് നിർമിച്ചത്.
പി.വി. അൻവർ എംഎൽഎ, സിനിമാതാരം അബുസലീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ഖാലിദ്, നിലന്പൂർ നഗരസഭാ അധ്യക്ഷ പത്മിനി ഗോപിനാഥ്, സാംസ്കാരിക സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവുഹാജി, ജില്ലാ ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ്, അമരന്പലം ട്രഡേഴ്സ് സഹകരണ സംഘം സെക്രട്ടറി എം. അബ്ദുൾ നാസർ എന്നിവർ പങ്കെടുത്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി അമരന്പലം യൂണിറ്റ് ട്രഷററും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് എൻ. അബ്ദുൾ മജീദ്.