പയ്യന്നൂര്‍: കുടുംബാംഗങ്ങള്‍ക്കൊപ്പം ഉറങ്ങികിടക്കുകയായിരുന്ന ഏഴു വയസുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി.പയ്യന്നൂര്‍ സുരഭി നഗര്‍ സ്വദേശിയും പോലീസ് സ്റ്റേഷനു പിന്നിലെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനുമായ പി.ടി.ബേബി രാജിനെയാണ് (32) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പിടികൂടിയത്.
എസ്പിയുടെ ക്രൈംസ്ക്വാഡംഗങ്ങളുടെ സഹായത്തോടെ കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എം.പി.ആസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം ബംഗളൂരുവിലേക്ക് കടന്ന ഇയാള്‍ വാഹനങ്ങള്‍ മാറിമാറിയുള്ള യാത്രയിലായിരുന്നു.
ഈ യാത്രക്കിടയിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് സംഘം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഇന്നു പുലർച്ചെ ഇയാളെ പിടികൂടിയത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നും സൂചനയുണ്ട്.കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ഇന്നലെ പയ്യന്നൂരിലെത്തിയ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടുമെന്ന് പറഞ്ഞിരുന്നു.
ഈ വാക്കുകള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ടാണ് പോലീസ് വിദഗ്ദമായി പ്രതിയെ പിടികൂടിയത്. ബംഗളൂരുവിൽ കഴിഞ്ഞിരുന്ന ബേബിരാജ് സേലത്തെത്തിയ ശേഷം അമ്മയെ വിളിച്ചിരുന്നു.ബേബിരാജിന്റെ നീക്കങ്ങള്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ചിരുന്ന സൈബര്‍ സെല്ലിലെ വിദഗ്ധർക്ക് അമ്മ കണ്ണൂരാണുള്ളതെന്ന് മനസിലായതോടെ പോലീസിന്റെ ശ്രദ്ധ കണ്ണൂരിലായി.
സമയവും സ്ഥലവും കണക്ക് കൂട്ടിയ പോലീസിന് ബേബിരാജ് മംഗലാപുരത്തേക്ക് പോകുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ കയറിയിട്ടുണ്ടാകുമെന്ന കണക്കൂകൂട്ടലുണ്ടായിരുന്നു.ഈ കണക്കുകൂട്ടലുകള്‍ അണുവിട തെറ്റിക്കാതെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ബേബിരാജിനെ അവിടെ വെച്ച്തന്നെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളെ രാവിലെതന്നെ പോലീസ് പയ്യന്നൂരിലെത്തിച്ചിട്ടുണ്ട്.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ എം.പി.ആസാദ് പറഞ്ഞു. കഴിഞ്ഞ ഒമ്പതിന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. പയ്യന്നൂര്‍ സ്റ്റേഡിയം ഗ്രൗണ്ടിലെ വാഹന പാര്‍ക്കിംഗിനു തയാറാക്കിയ ഷെഡില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന നാടോടി ബാലികയെ പ്രതി വായ പൊത്തിപ്പിടിച്ച് ബൈക്കില്‍ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചുവെന്നാണ് കേസ്.