പത്തനംതിട്ട: കൊല്ലമുളയിലെ ജെസ്നയെ കാണാതായിട്ട് 60 ദിവസം തികയുന്ന 22ന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്പി ഓഫീസ് മാർച്ച് നടത്തും. രാവിലെ പത്തിനു നടക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു.
ജെസ്നയെ കാണാതായിട്ട് ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന്റെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നത്. അതുകൊണ്ടാണ് ഇത്രയും നാളായിട്ടും കേസ് സംബന്ധിച്ച് ഒരു വിവരവും ലഭിക്കാത്തത്. ഉന്നതതല പോലീസ് സംഘം കേസ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഇപ്പോഴും ലോക്കൽ പോലീസാണ് കേസ് അന്വേഷിക്കുന്നതെന്നും അതുകൊണ്ടുതന്നെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും ബാബു ജോർജ് പറഞ്ഞു.
ഇത് കൂടാതെ പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ രക്തസാക്ഷി മണ്ഡപം പണിത് അതിന് മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച പോലീസ് സേനയ്ക്ക് കളങ്കം വരുത്തിയവർക്കെതിരെ ഇതുവരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ചും സിപിഎമ്മിന്റെ തിരുവല്ല നോർത്ത് ലോക്കൽ സെക്രട്ടറി സജിമോൻ ഒരു യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ സംരക്ഷിക്കാൻ ഡിഎൻഎ ടെസ്റ്റിൽ കൃത്രിമം കാട്ടിയ തിരുവല്ല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കെതിരെ കേസെടുക്കാത്തതിലും പ്രതിക്ഷേധിച്ചു കൂടിയാണ് മാർച്ച് നടത്തുന്നതെന്ന് ബാബു ജോർജ് പറഞ്ഞു.