ചേർത്തല: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ എസ്എൻഡിപി യോഗം നിലപാട് 20ന് പ്രഖ്യാപിക്കുമെന്നും അതിനായി മൂന്നംഗ ഉപസമിതിയെ കൗണ്‍സിൽ ചുമതലപ്പെടുത്തിയെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൗണ്‍സിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറൽ സെക്രട്ടറിക്ക് പുറമെ പ്രസിഡന്റ് ഡോ. എം.എൻ സോമൻ, കൗണ്‍സിലംഗം കെ.ആർ പ്രസാദ്(തിരുവനന്തപുരം) എന്നിവരാണ് ഉപസമിതി അംഗങ്ങൾ. സ്ഥാനാർഥികളെയും എസ്എൻഡിപി യോഗത്തോടുള്ള അവരുടെ സമീപനവും വിലയിരുത്തിയാകും വ്യക്തമായ നിലപാട്.
ബിഡിജഐസ് നിലപാടുമായി ഇക്കാര്യത്തിൽ യാതൊരു ബന്ധവും ഉണ്ടാകില്ല. എസ്എൻഡിപി യോഗത്തിന് പ്രത്യേക രാഷ്ട്രീയമില്ല. എസ്എൻഡിപി യോഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുഡിഎഫ് സർക്കാർ ചെയ്യാത്ത പലതും പിണറായി സർക്കാർ ചെയ്തു.
സർവകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നരേന്ദ്രമോഡിയോടും അമിത്ഷായോടും ഈ ആവശ്യം ഉന്നയിച്ചപ്പോൾ ചെയ്യാമെന്ന് ഉറപ്പ് നൽകി. എന്നാൽ യാതൊരു സാന്പത്തികച്ചെലവും ഇല്ലാത്ത ഇക്കാര്യം ഇതേവരെ നടപ്പാക്കിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രസിഡന്റ് ഡോ. എം.എൻ സോമനും ഉപസമിതി അംഗം കെ.ആർ പ്രസാദും പങ്കെടുത്തു.