വടക്കഞ്ചേരി: പാത്രകണ്ടം, കൈതയ്ക്കൽ ഉറവ, ഒളകര തുടങ്ങിയ മലന്പ്രദേശങ്ങളിലെ കാട്ടാനശല്യത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വനംവകുപ്പിനെതിരെ സമരത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഒളകര റേഞ്ച് ഓഫീസർക്കും ഡിഎഫ്ഒയ്ക്കും പ്രദേശത്തുകാർ നിവേദനം നല്കി.
വൈദ്യുതിവേലി സ്ഥാപിച്ച് കാട്ടാനയുടെ ആക്രമണത്തിൽനിന്നും കൃഷിയും തങ്ങളുടെ ജീവനും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്കിയത്.ഇതിന് ഉടനടി നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാനാണ് തീരുമാനമെന്ന് കൈതയ്ക്കൽ ഉറവിലെ ശശി പറഞ്ഞു. ഇവിടെ വനാതിർത്തികളിൽ വൈദ്യുതിവേലി സ്ഥാപിച്ചിരുന്നെങ്കിലും സ്ഥാപിച്ചതിലെ അപാകതമൂലം ഒരാഴ്ച മാത്രമാണ് ഇത് പ്രവർത്തിച്ചത്.
ഫെൻസിംഗ് ഇല്ലാതായതോടെ പകലും രാത്രിയും വ്യത്യാസമില്ലാതെയാണ് ആനകൾ കാടിറങ്ങി ജനവാസസ്ഥലങ്ങളിലെത്തുന്നത്. ആനയെ പേടിച്ച് പകൽപോലും പുറത്തിറങ്ങാൻ ഭയയ്ക്കുകയാണ് ഇവിടത്തെ ആളുകൾ. രാത്രിനേരം ആശുപത്രി കേസ് വന്നാൽ ആധിയേറും.
മൂന്നെണ്ണം വരുന്ന ഒരു കൂട്ടവും ഒറ്റയാനുമാണ് പ്രദേശത്ത് വിലസുന്നത്. ബഹളമുണ്ടാക്കിയാൽപോലും ആനകൾ ഉൾക്കാട്ടിലേക്ക് കയറാതെ കൃഷിയിടങ്ങളിൽ തങ്ങി അക്രമകാരികളാകുന്നതായി പറയുന്നു.മുൻവർഷങ്ങളിൽ മഴക്കാലത്താണ് ആനയിറങ്ങി ശല്യം ഉണ്ടാക്കിയിരുന്നത്.
എന്നാൽ ഈവർഷം വേനലിൽതന്നെ ആനശല്യം രൂക്ഷമാണെന്ന് ഉൗന്നുപാലത്തിൽ ബെന്നി പറഞ്ഞു. കഴിഞ്ഞദിവസം ആനയിറങ്ങി മത്തായി, മേരി, ശശി, ഗോപി തുടങ്ങിയവരുടെ കൃഷിയിടങ്ങളിൽ വ്യാപകമായി വിളകൾ നശിപ്പിച്ചിരുന്നു. കാറ്റും മഴയിലും ഇടയ്ക്കിടെ കറന്റ് പോകുന്നതും പ്രദേശത്തെ താമസം ഭീതിജനകമാക്കുന്നുണ്ട്.
വേനലവധികഴിഞ്ഞ് കഴിഞ്ഞ് സ്കൂൾ തുറക്കാനിരിക്കേ ആനപേടി അകറ്റാതെ കുട്ടികളെ സ്കൂളിൽ വിടാൻ കഴിയില്ലെന്നാണ് രക്ഷിതാക്കളും പറയുന്നത്.ഫണ്ടില്ലെന്നു പറഞ്ഞ് വൈദ്യുതിവേലി സ്ഥാപിക്കൽ വൈകിപ്പിക്കുന്ന സമീപനമുണ്ടായാൽ കടുത്ത സമരങ്ങളല്ലാതെ തങ്ങളുടെ മുന്നിൽ ജീവൻരക്ഷയ്ക്ക് മറ്റു വഴികളില്ലെന്നാണ് കർഷകർ പറയുന്നത്.