തിരുവനന്തപുരം: വിദേശ വനിതയുടെ കൊലപാതക കേസിൽ പ്രതികളുടെ തെളിവെടുപ്പ് ഇന്ന് പൂർത്തിയാകും. കേസിലെ പ്രതികളായ ഉമേഷ് (28), ഉദയൻ (24) എന്നിവരുമായുള്ള തെളിവെടുപ്പ് അന്തിമഘട്ടത്തിലാണ്. വിദേശ വനിതയുടെ മൃതദേഹം കാണപ്പെട്ട വാഴമുട്ടത്തെ പൊന്തക്കാട്ടിലും പ്രതികളുടെ വീട്ടിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതക ദിവസം ഉമേഷ് ധരിച്ചിരുന്ന വസ്ത്രങ്ങൾ പോലീസ് സംഘം ഉമേഷിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
വിദേശ വനിതയുടെ അടിവസ്ത്രവും ചെരിപ്പും സമീപത്തെ പുഴയിൽ നിക്ഷേപിച്ചെന്ന് പ്രതികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് പുഴയിലും സമീപ പ്രദേശത്തും വ്യാപക തെരച്ചിൽ നടത്തിയിരുന്നു. പ്രതികൾക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്നവരെയും ഇവർ കഞ്ചാവ് വിൽപ്പന നടത്തുന്ന താവളത്തിൽ എത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രതികൾക്ക് സഹായം ചെയ്ത സുഹൃത്തുകളെയും കേസിൽ പോലീസ് പ്രതികളാക്കിയേക്കുമെന്നാണ് സൂചന. അറസ്റ്റിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി വ്യാഴാഴ്ച പൂർത്തിയാകുന്നതിനാൽ പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്.