കൊല്ലങ്കോട്: മുതലമടയിൽ മാലിന്യനിക്ഷേപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്പോഴും ഗുണ്ടാമാഫിയ സംഘം വീണ്ടും മാലിന്യം നിക്ഷേപിക്കൽ തുടരുന്നതായി പരാതി. ഞായറാഴ്ച പുലർച്ചെ രണ്ടു ലോഡ് ഇലക്ട്രോണിക്, പ്ലാസ്റ്റിക് മാലിന്യം സ്വകാര്യവ്യക്തിയുടെ പറന്പിൽ നിക്ഷേപിച്ചിരുന്നു.
വ്യാപാരസ്ഥാപന ഉടമകളിൽനിന്നും വൻപ്രതിഫലം കൈപ്പറ്റിയാണ് അയൽജില്ലകളിൽനിന്നും മാലിന്യം താലൂക്കിന്റെ കിഴക്കൻ മേഖലയിലെത്തിച്ച് നിക്ഷേപിക്കുകയാണ്. ടൗണിൽ കൊല്ലങ്കോട് പോലീസ് കാമറ സ്ഥാപിച്ച് രാത്രികാലത്തെ വാഹനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രയോജനപ്രദമല്ല.
ഇക്കഴിഞ്ഞദിവസം നീളിപ്പാറയിൽ രാത്രികാലത്ത് മാലിന്യം നിക്ഷേപിക്കുന്ന വിവരം അറിയിച്ചിട്ടും പോലീസ് എത്തിച്ചേരാൻ വൈകിയതും പ്രതിഷേധത്തിന് ഇടയാക്കി.മാലിന്യനിക്ഷേപത്തിനെതിരേ തോപ്പുടമകൾക്കെതിരേ ജനങ്ങൾ ആരോപണം ഉന്നയിച്ചാലും പോലീസ് ഉദാരനയമാണ് സ്വീകരിക്കുന്നതത്രേ.
അറവുമാലിന്യം, പ്ലാസ്റ്റിക്, രാസമാലിന്യം തള്ളുന്ന സ്ഥലങ്ങളിലെ താമസക്കാർക്കുണ്ടാകാവുന്ന പകർച്ചവ്യാധികളും മറ്റും തടയുന്നതിനു ആരോഗ്യവകുപ്പ് കർശനനടപടിയും സ്വീകരിക്കാറില്ല.പ്രതിഫലം വാങ്ങി തമിഴ്നാടിനോടു ചേർന്നുള്ള കൊഴിഞ്ഞാന്പാറ, എരുത്തേന്പതി, മുതലമട പഞ്ചായത്ത് പ്രദേശങ്ങളാണ് മാലിന്യനീക്കത്തിനായി ഇടനിലക്കാർ കണ്ടെത്തിയിരിക്കുന്നത്.