തൃശൂർ: പോസ്റ്റ് ഓഫീസ് റോഡിലെ മൂന്നു നില വ്യാപാര സമുച്ചയം വാങ്ങിയ വ്യക്തി വ്യാപാരികളെ ഒഴിപ്പിക്കാൻ കെട്ടിടം തകർക്കാൻ ശ്രമിക്കുന്നതായി പരാതി. ആളൊഴിഞ്ഞ സമയത്ത് മേൽക്കൂര പൊളിച്ചു നീക്കിയതായുള്ള വ്യാപാരികളുടെ പരാതിയിൽ മൂസ, ജോണി വർഗീസ്, രാധാകൃഷ്ണൻ, മണികണ്ഠൻ, സുബൈദ, ഇസ്മായിൽ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
കെട്ടിടഉടമയും സഹായികളും ചേർന്ന് ഞായറാഴ്ച കടകൾ അവധിയായിരുന്ന സമയത്ത് മേൽക്കൂര പൊളിച്ചുമാറ്റിയെന്നാണ് പരാതി. മഴയിൽ വെള്ളം കിനിഞ്ഞിറങ്ങാനായി സീലിംഗിലെ ടൈലുകളും നീക്കിയിട്ടുണ്ട്. ഇതേ തുടർന്ന് മഴയിൽ കടകളിലെ സാധനങ്ങൾ നനഞ്ഞു നശിച്ചുവെന്ന് വ്യാപാരികൾ പറഞ്ഞു.
വർഷങ്ങളായി ഇതേ കെട്ടിടത്തിലുള്ള വ്യാപാരികൾക്കാണ് നഷ്ടമുണ്ടായത്. രണ്ടു വർഷം മുന്പാണ് കെട്ടിടം മൂസ വാങ്ങിയത്. നേരത്തേയും കെട്ടിടം മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റാനുള്ള ശ്രമം ഇയാളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.