കണ്ണൂർ: യൂത്ത് കോൺഗ്രസ് ലോക്സഭാമണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിലിനെ മാറ്റി റിജിൽ മാക്കുറ്റിയെ നിയമിക്കും.
കശാപ്പ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ സിറ്റിയിൽ പരസ്യമായി കന്നുകുട്ടിയെ അറുത്തസംഭവത്തിൽ സസ്പെൻഷനിലായിരുന്ന യൂത്ത് കോൺഗ്രസ് ലോക്സഭാമണ്ഡലം മുൻ പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ സസ്പെൻഷൻ പിൻവലിച്ചതോടെയാണ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത്നിന്ന് ജോഷി കണ്ടത്തിലിന് ചുമതലയൊഴിയേണ്ടിവരിക.
ഇതേവിഷയത്തിൽ സസ്പെൻഷനിലായിരുന്ന ലോക്സഭാ മണ്ഡലം സെക്രട്ടറി ജസ്റ്റിസൻ ചാണ്ടിക്കൊല്ലി, അഴീക്കോട് നിയോജകമണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീൻ കാട്ടാന്പള്ളി എന്നിവരുടെയും സസ്പെൻഷൻ പിൻവലിച്ചിട്ടുണ്ട്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ദേശീയ സെക്രട്ടറി ആർ. രവീന്ദ്രദാസാണ് സസ്പെൻഷൻ പിൻവലിച്ചതായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.
സസ്പെൻഷൻ ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് തിരിച്ചെടുത്തത്. തിരിച്ചെടുക്കപ്പെട്ടവർക്ക് മുന്പ് വഹിച്ചിരുന്ന സ്ഥാനങ്ങളിൽ തുടരാമെന്നും ഉത്തരവിൽ പറയുന്നുണ്ട്. റിജിൽ മാക്കുറ്റിയെ സസ്പെൻഡ് ചെയ്തതോടെ യൂത്ത് കോൺഗ്രസ് ലോക്സഭാമണ്ഡലം പ്രസിഡന്റ് സ്ഥാനം ജോഷി കണ്ടത്തിലിന് നല്കുകയായിരുന്നു.