മലയാളത്തിലൂടെയെത്തി അന്യഭാഷയിലൂടെ താരമായ നടിയാണ് മലയാളിയായ അമല പോൾ. തമിഴിൽ അമലയുടേതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ഭാസ്ക്കർ ഒരു റാസ്ക്കൽ. അരവിന്ദ് സാമിയാണ് ചിത്രത്തിൽ അമലയുടെ നായകനായി എത്തുന്നത്.
മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ഭാസ്ക്കർ ദ റാസ്ക്കലിന്റെ തമിഴ് പതിപ്പാണ് ഈ സിനിമ. സംവിധായകൻ സിദ്ദിഖ് തന്നെയാണ് ചിത്രം തമിഴിലും ഒരുക്കിയിരിക്കുന്നത്.
മലയാളത്തിൽ നയൻതാര ചെയ്ത വേഷത്തിലാണ് അമല പോൾ ഭാസ്ക്കർ ഒരു റാസ്ക്കലിൽ അഭിനയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെ ചില മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യം അമല പോളിനെ ചൊടിപ്പിച്ചിരുന്നു.
സിനിമകളിൽ അമ്മ വേഷങ്ങൾ ചെയ്യുന്നത് കരിയറിനെ ദോഷകരമായി ബാധിക്കില്ലേയെന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ അമലയോട് ചോദിച്ചിരുന്നത്. എന്നാൽ ഇതിനു മറുപടിയായി അമ്മ വേഷത്തിന്റെ പേരിൽ നടിമാരെ വേട്ടയാടുന്നതെന്തിനെന്ന് അമല തുറന്നടിച്ചു. ഇത്തരം ചോദ്യങ്ങൾ എന്തു കൊണ്ടാണ് നടിമാരോട് മാത്രം ചോദിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.
എന്റെ സഹതാരം അരവിന്ദ് സ്വാമിയും ഈ ചിത്രത്തിൽ രണ്ടുകുട്ടികളുടെ പിതാവിന്റെ വേഷമല്ലേ ചെയ്തിരിക്കുന്നത്. എന്തു കൊണ്ടാണ് അദ്ദേഹത്തിന് നേർക്ക് ഇത്തരം ചോദ്യങ്ങൾ ഉയർന്നു വരാത്തത്. മാത്രമല്ല സൂര്യ,വിജയ് സേതുപതി തുടങ്ങിയ നടൻമാരും ഇത്തരത്തിൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്- അമല പറഞ്ഞു.
ഇതൊരു സിനിമ മാത്രമാണ്, അതായത് കലാരൂപം. ആ രീതിയിൽ നോക്കുന്പോൾ ഈ ചോദ്യം തന്നെ അപ്രസക്തമാണ്. എന്തിനാണ് നടിമാരെ മാത്രം നിങ്ങൾ ഇങ്ങനെ വേട്ടയാടുന്നത്- അമല വ്യക്തമാക്കുന്നു.