എട്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഇറ്റലിയിലെ പിസ ഗോപുരത്തിന്. 5.5 ഡിഗ്രി ചെരിവുമായി നൂറ്റാണ്ടുകളായി തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഗോപുരത്തിന് ഈ ചെരിവ് നല്കിയിരിക്കുന്നത് എന്തിനാണെന്ന് ഗവേഷകർ പഠനം തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടോളമായി. ഒടുവിൽ എൻജിനിയർമാരും മണ്ണുഗവേഷകരും ആ രഹസ്യം കണ്ടെത്തി.
ഗോപുരത്തിന്റെ ചെരിവുതന്നെയാണ് ഈ പുരാതന കെട്ടിടം ഇതുവരെ തകരാത്തതിനു കാരണം. പിസാ കത്തീഡ്രലിന്റെ മണിമാളികയായ ഈ ഗോപുരത്തിന്റെ നിർമാണം തുടങ്ങിയത് 1173ലാണ്. നിർമാണംതുടങ്ങി രണ്ടാം വർഷം മുതൽ ഗോപുരം ചെരിയാൻ തുടങ്ങി. നിർമാണം പൂർത്തിയാക്കാൻ 200 വർഷമെടുത്തു.
1370ൽ നിർമാണം പൂർത്തിയായപ്പോൾ ഗോപുരത്തിന്റെ ചെരിവ് രണ്ടു ഡിഗ്രിയായിരുന്നു. ഓരോ വർഷവും 0.05 ഡിഗ്രി വീതം ചെരിവുണ്ടാകുന്നുണ്ടെന്ന് 20-ാം നൂറ്റാണ്ടിൽ കണ്ടെത്തി. 1990ൽ ഗോപുരത്തിന്റെ ചെരിവ് 5.5 ഡിഗ്രിയായിരുന്നു.
1999-2001 കാലഘട്ടത്തിൽ 0.5 ഡിഗ്രി ചെരിവ് കുറയ്ക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി.
നാലു വലിയ ഭൂചലനങ്ങളുണ്ടായിട്ടുണ്ടെങ്കിലും പിസാ ഗോപുരം താഴെ വീണില്ല. റോമ ട്രെ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തൽപ്രകാരം ഭൂചലനത്തെത്തുടർന്നുള്ള പ്രകന്പനം പിസാ ഗോപുരത്തെ ബാധിക്കില്ല.
കെട്ടിടത്തിന്റെ ചെരിവാണ് ഇതിനു സഹായക മായത്. ഉറപ്പുള്ളതും 191 അടി ഉയരമുള്ളതുമായ ഗോപുരത്തിന്റെ ചുവട്ടിലുള്ള മണ്ണ് മാർദവമുള്ളതാണ്. അതുകൊണ്ടുതന്നെ ഭൂചനത്തിന്റെ ശക്തി കെട്ടിടത്തിൽ കമ്പനമുണ്ടാക്കുന്നില്ലത്രേ.