മങ്കൊന്പ്: നാടിന്റെ വികസനത്തിനായി കിടപ്പാടം വിട്ടു നൽകിയ സഹോദരങ്ങൾ ഇന്നു തല ചായ്ക്കാൻ ഇടമില്ലാതെ വലയുന്നു. മങ്കൊന്പ് സിവിൽ സ്റ്റേഷൻ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനായി കിടപ്പാടം വിട്ടു കൊടുത്ത പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിൽ അട്ടിച്ചിറയിൽ ഗോപിനാഥൻ നായർ, സഹോദരി തങ്കമ്മ എന്നിവരാണ് സ്വന്തം കിടപ്പാടമടങ്ങുന്ന വസ്തു പൊതുമരാമത്തു വകുപ്പിന് വിട്ടു നൽകിയത്.
സ്ഥലം ഏറ്റെടുത്തപ്പോൾ ഇരുവർക്കും സർക്കാരിൽനിന്നും നഷ്ടപരിഹാരം നല്കിയിരുന്നു. ഇതോടൊപ്പം ഇരുവർക്കും പൊളിച്ചു നീക്കുന്ന വീടിനു സമീപം മൂന്നു സെന്റ് വീതം നൽകാമെന്നുമായിരുന്നു വ്യവസ്ഥ. എന്നാൽ സ്ഥലത്തിനടുത്തെങ്ങും നികന്ന പുരയിടം കിട്ടാതെ വന്നതോടെ അടുത്തുള്ള പാടശേഖരത്തിൽനിന്നും മൂന്നു സെന്റു വീതം കൃഷിയിടം ഇരു കുടുംബങ്ങൾക്കും വാങ്ങി നൽകുകയായിരുന്നു.
പിന്നീട് നേരത്തേ ഉണ്ടായിരുന്ന വ്യവസ്ഥ പ്രകാരം നിലം മണ്ണിട്ടുയർത്തി നാലു ചുറ്റിലും കല്ലുകെട്ടി നൽകി. എന്നാൽ നികത്ത് പേരിനു മാത്രമാകുകയായിരുന്നു. പാടശേഖരത്തിൽ കൃഷി ആവശ്യത്തിനായി വെള്ളം കയറ്റിയതോടെ വീടുവയ്ക്കാനുള്ള നികത്തു ഭൂമി വെള്ളത്തിനടിയിലായി.
ഇവിടെ വീടു പോയിട്ട് താല്കാലിക കുടിൽപോലും കെട്ടി താമസിക്കാൻ പറ്റാത്ത സ്ഥിതിയിലാണിപ്പോൾ. പാടശേഖരത്തിൽ പൂർണമായി വെള്ളം കയറ്റാത്ത അവസ്ഥയിലും മണ്ണിട്ടുയർത്തി നൽകിയ സ്ഥലത്തു വെള്ളം കയറിയിരിക്കുകയാണ്.
ഇതിനു പുറമെ നികത്തി കിട്ടിയ സ്ഥലത്ത് ചവിട്ടിയാൽ മുട്ടോളം താഴ്്ന്നു പോകുന്ന സ്ഥിതിയുമാണുള്ളത്. നികത്തലിലെ അപാകതകളാണ് ഇതിനു കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അമിതലാഭം പ്രതീക്ഷിച്ചു കരാറിൽ വീഴ്ച വരുത്തിയതാണത്രെ പ്രശ്നങ്ങൾക്കു കാരണമായത്. കാലവർഷമെത്തുന്നതോടെ തങ്ങളുടെ കുടുംബം എവിടെ താമസിക്കുമെന്ന ആങ്കയിലാണ് ഇരു കുടുംബങ്ങളും.