മാതാപിതാക്കൾക്കൊപ്പം ട്രെയിൻ കയറാൻ ശ്രമിക്കവെ പ്ലാറ്റ്ഫോമിനും ബോഗിക്കുമിടയിൽ കുടുങ്ങിയ കൊച്ചുകുട്ടിയെ സാഹസികമായി രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥന് റെയിൽവേ മന്ത്രിയുടെ പ്രശംസ. മഹാരാഷ്ട്രയിലെ മഹാലക്ഷ്മി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടാൻ തുടങ്ങുന്പോൾ ഒരു കുട്ടിയുമായി മാതാപിതാക്കൾ ട്രെയിനിൽ കയറിപ്പറ്റുവാനായി ഓടി വരുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. മാതാപിതാക്കൾക്ക് ട്രെയിനിനുള്ളിൽ കയറിപ്പറ്റുവാനായെങ്കിലും കുട്ടി ബോഗിക്കും പ്ലാറ്റ്ഫോമിനുമിടക്ക് കുടുങ്ങുവാൻ തുടങ്ങുകയായിരുന്നു.
ഈ സമയം സമീപത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ ഓടി ചെന്ന് എടുത്തതിനാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചതിനെ തുടർന്ന് സമയോചിതമായി ഇടപെട്ട സുരക്ഷാജീവനക്കാരന് സോഷ്യൽമീഡിയായിൽ ആശംസാപ്രവാഹമായിരുന്നു. മാത്രമല്ല കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഇദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.