അച്ഛന്റെ വോട്ട് കോണ്‍ഗ്രസിനാണെങ്കില്‍ തന്റെ വോട്ട് ബിജെപിയ്ക്കാണെന്നും അച്ഛന് അഴിമതിക്കാരനാണെന്നും പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് അമല്‍ ഉണ്ണിത്താന് രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആ പോസ്റ്റുകള്‍ തന്റേതല്ലെന്നാണ് അമല്‍ പറയുന്നത്. താന്‍ ബിജെപിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഇക്കഴിഞ്ഞ ദിവസം പ്രചരിച്ച പോസ്റ്റുകള്‍. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ പരിഹസിച്ചും സ്വന്തം രാഷ്ട്രീയ താത്പര്യം വ്യക്തമാക്കിയുമായിരുന്നു അമലിന്റെ പോസ്റ്റ്.
രാഹുല്‍ ഗാന്ധി വിഷണ്ണനായി ഇരിക്കുന്ന ഒരു ചിത്രമാണ് അമല്‍ ആദ്യം പോസ്റ്റ് ചെയ്തത്. ഒപ്പം ഒരു പരിഹാസവരിയും പോസ്റ്റ് ചെയ്തു. എന്നാല്‍ അധികം വൈകാതെ അത് പിന്‍വലിച്ചു. അതിനുശേഷം അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്, എന്റെ വോട്ട് ബിജെപിക്ക് എന്ന് നിലപാട് വ്യക്തമാക്കി കുറിപ്പിട്ടു.
സമൂഹമാധ്യമത്തിലെ ഈ തുറന്നുപറച്ചില്‍ ആളുകള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പറഞ്ഞതെല്ലാം പിന്‍വലിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമല്‍. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും വോട്ടവകാശം പോലുമില്ലാത്ത താന്‍ ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്യേണ്ടതെന്നുമാണ് അമല്‍ ചോദിക്കുന്നത്.