മുംബൈ: ക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറച്ച ഐപിഎൽ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു കിംഗ്സ് ഇലവന് പഞ്ചാബിനെതിരേ മൂന്നു റണ്‍സ് ജയം. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്കും പഞ്ചാബിനും ജയം അനിവാര്യമായിരുന്നു.
ജയിക്കാന്‍ 187 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന്റെ പോരാട്ടം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 183ല്‍ അവസാനിച്ചു. ജയത്തോടെ മുംബൈ നാലാം സ്ഥാനത്തെത്തി. തുടർച്ചയായ അഞ്ചാം തോൽവിയോടെ പഞ്ചാബ് ആറാം സ്ഥാനത്തേക്കു പതിച്ചു.
ഒരുഘട്ടം വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയ കിംഗ്സ് ഇലവന് പഞ്ചാബിന് കെ.എല്‍. രാഹുലിന്റെ (60 പന്തില്‍ 94) പുറത്താകലാണ് തിരിച്ചടിയായത്. അവസാന രണ്ട് ഓവറിലാണ് കളി മാറിമറിഞ്ഞത്. 19-ാം ഓവറിന്റെ മൂന്നാം പന്തില്‍ രാഹുല്‍ പുറത്തായി. പഞ്ചാബിനുവേണ്ടി ആരോണ്‍ ഫിഞ്ച് (35 പന്തില്‍ 46) മികച്ച പ്രകടനം നടത്തി. അക്ഷർ പട്ടേലും(10), മനോജ് തിവാരിയും (4) പുറത്താകാതെ നിന്നു. ബുംറ മൂന്നും മിച്ചല്‍ മാക്ലെന്ഹാന് രണ്ടു വിക്കറ്റും വീഴ്ത്തി.
കെറോണ്‍ പൊളാർഡ് ആക്രമണം അഴിച്ചുവിട്ടപ്പോൾ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 186 റണ്‍സ് നേടി. ആറാമനായി ക്രീസിലെത്തിയ പൊളാർഡ് 23 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും അടക്കം 50 റണ്‍സ് നേടി. അഞ്ചാം വിക്കറ്റിൽ കൃണാൽ പാണ്ഡ്യയും (23 പന്തിൽ 32 റണ്‍സ്) പൊളാർഡും ചേർന്ന് 55 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ഏഴ് പന്തിൽ 11 റണ്‍സ് എടുത്ത മക്ലെൻഹാൻ പുറത്താകാതെനിന്നു. പഞ്ചാബ് കിംഗ്സ് ഇലവനായി ആഡ്രൂ ടൈ നാല് ഓവറിൽ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.