ലണ്ടൻ: റഷ്യൻ ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ലിവര്‍പൂള്‍ റൈറ്റ് ബാക് ആയ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡിനെ ടീമില്‍ ഉള്‍പ്പെടുത്തി പരിശീലകൻ സൗത്ത്ഗേറ്റ് അദ്ഭുതം കാണിച്ചു. എന്നാല്‍, ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ജോ ഹാര്‍ട്ട്, മധ്യനിര താരം ജാക് വില്‍ഷയര്‍ എന്നിവരെ ഒഴിവാക്കി. കഴിഞ്ഞ സീസണുകളില്‍ ഇംഗ്ലണ്ടിന്റെ ജൂണിയര്‍ ടീമിലും ലിവര്‍പൂളിനുവേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് പത്തൊമ്പതുകാരനായ അലക്സണ്ടര്‍ അര്‍ണോള്‍ഡിനെ ടീമിലെത്തിച്ചത്.
കഴിഞ്ഞ ലോകകപ്പിലും കഴിഞ്ഞ രണ്ടു യൂറോ കപ്പുകളിലും ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ ഗോളി ഹാര്‍ട്ടായിരുന്നു. അഞ്ചു മാസം മുമ്പ് സൗത്ത്ഗേറ്റ് ഹര്ട്ടിനെ ഒന്നാം നമ്പര്‍ ഗോളിയാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്ന് വായ്പ വ്യവസ്ഥയില്‍ വെസ്റ്റ് ഹാം യുണൈറ്റഡില്‍ തുടര്‍ന്ന മോശം ഫോമാണ് ഹാര്‍ട്ടിനു വിനയായത്. ജോര്‍ദന്‍ പിക്ഫോര്‍ഡ്, ജാക് ബട്ലാന്‍ഡ്, നിക് പോപ് എന്നിവരെയാണ് ഗോള്‍കീപ്പര്‍മാരായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പ് യൂറോ 2016ന്റെ പ്രീക്വാര്‍ട്ടറില്‍ ഐസ്ലന്ഡിനെതിരേയാണ് വില്‍ഷയര്‍ ഇംഗ്ലണ്ടിനുവേണ്ടി അവസാനമായി ബൂട്ടു കെട്ടിയത്. ആ മത്സരത്തില്‍ ഇംഗ്ലണ്ട് 2-1ന് പരാജയപ്പെടുകയും ചെയ്തു. ഇതിനുശേഷം പരിക്കിനെത്തുടര്‍ന്ന് ആഴ്സണലിനൊപ്പമുള്ള സീസണ് മുഴുവന്‍ നഷ്ടമാകുകയും ചെയ്തു.
ജോര്‍ദന്‍ ഹെന്ഡേഴ്സണ്, എറിക് ഡെയര്‍, റൂബന്‍ ലോഫ്റ്റസ്-ചീക്, ജെസെ ലിന്‍ഗാര്‍ഡ്, ഫാബിയന്‍ ഡെല്‍ഫ് എന്നിവരെയാണ് സൗത്ത്ഗേറ്റ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡ് സ്ഥാനത്തേക്കു എത്തിച്ചിരിക്കുന്നത്. ഡെല്‍ഫ് മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി ഈ സീസണില്‍ കൂടുതലും ലെഫ്റ്റ് ബാക്കിലാണ് കളിച്ചത്.
17 മാസം മുമ്പാണ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ് ലിവര്‍പൂളിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ അടുത്തയാഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ റയല്‍ മാഡ്രിഡിന്റെ മുന്നേറ്റം തടയാനുള്ള ഒരുക്കത്തിലാണ് ഈ കൗമാരതാരം. ഡാനി റോസ്, ആഷ്ലി യംഗ് എന്നിവരാണ് ടീമിലെ ലെഫ്റ്റ് ബാക്കുകള്‍. ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ടിനൊപ്പം ബെല്‍ജിയം, പാനമ, ടുണീഷ്യ എന്നിവയാണുള്ളത്.
ഇംഗ്ലണ്ട് ടീം
ഗോള്‍കീപ്പര്‍മാര്‍: ജാക് ബട്ലന്‍ഡ്, ജോര്‍ദന്‍ പിക്ഫോഡ്, നിക് പോപ്.
പ്രതിരോധനിര: ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, കീറണ്‍ ട്രിപ്പിര്, ഡാനി റോസ്, ആഷ്ലി യംഗ്, ഫാബിയന്‍ ഡെല്‍ഫ്, കെയ്ൽ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, ഹാരി മാഗ്യുര്, ഗാരി കാഹില്‍, ഫില്‍ ജോണ്‍സ്. മധ്യനിര: എറിക് ഡെയര്‍, ജെസെ ലിന്‍ഗാര്‍ഡ്, റൂബന്‍ ലോഫ്റ്റസ് ചീക്, ഡെലി അലി, ജോര്‍ദന്‍ ഹെന്ഡേഴ്സണ്. മുന്നേറ്റനിര: ഹാരി കെയ്ന്‍, ജെമി വാര്‍ഡി, മാര്‍കസ് റഷ്ഫോഡ്, റഹീം സ്റ്റെര്‍ലിംഗ്, ഡാനി വെല്‍ബാക്.