ബംഗളുരു: മൂന്നരമണിക്കൂർ നീണ്ട നടപടികൾക്കൊടുവിൽ കോണ്‍ഗ്രസിനു കോടതിയിൽനിന്നു തിരിച്ചടി നേരിട്ടെങ്കിലും ആശ്വാസം പകരുന്ന ചില നടപടികളും പരമോന്നത കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യുന്നതിന് ബി.എസ്.യെദിയൂരപ്പയ്ക്ക് തടസങ്ങളില്ലെങ്കിലും, സർക്കാർ രൂപീകരിക്കാൻ തങ്ങൾക്കു ഭൂരിപക്ഷമുണ്ടെന്ന് അറിയിച്ച് ഗവർണർക്കു മുന്നിൽ യെദിയൂരപ്പ ഹാജരാക്കിയ കത്ത് കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കുന്പോഴാണ് കത്ത് ഹാജരാക്കേണ്ടത്. ഇത് കോണ്‍ഗ്രസിനായി കേസ് വാദിച്ച മനു അഭിഷേക് സിംഗ്വിയുടെ ആവശ്യങ്ങളിൽ ഒന്നായിരുന്നു. കോടതിയുടെ ഈ നിർദേശം എങ്ങനെ യെദിയൂരപ്പയെ ബാധിക്കുമെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്.
കർണാടകയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ അർധരാത്രിയിൽ 2.08-നാണ് വാദം ആരംഭിച്ചത്. തുടക്കത്തിൽ ഗവർണരുടെ വാദം റദ്ദാക്കണമെന്നു വാദമുന്നയിച്ച സിംഗ്വി, ഒടുവിൽ ബി.എസ്.യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്ന വാദത്തിലേക്കു മാത്രമായി ഒതുങ്ങി.
ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. കർണാടക സർക്കാരിനെയും കോടതി കേസിൽ കക്ഷിചേർത്തിട്ടുണ്ട്.ബിജെപിക്ക് നിലവിൽ 104 എംഎൽഎമാരും ഒരു സ്വതന്ത്രനുമുൾപ്പെടെ 105 പേരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ എട്ടു പേരുടെ പിന്തുണകൂടി ആവശ്യമാണ്.
അതേസമയം, 117 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്ന കത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ഗവർണർക്കു സമർപ്പിച്ചിരുന്നു. ഇത് തള്ളിയാണ് ഭൂരിപക്ഷം തികയാത്ത ബിജെപിയെ സർക്കാരുണ്ടാക്കാൻ കോണ്‍ഗ്രസ് ക്ഷണിച്ചത്. സർക്കാരിനു ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയവും ഗവർണർ നൽകി.സുപ്രീം കോടതിയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് അർധരാത്രി സുപ്രീം കോടതി ചേരുന്നത്. മുന്‍പ് ഇത് യാക്കൂബ് മേമൻറെ കേസ് പരിഗണിക്കുന്നതിനു വേണ്ടിയായിരുന്നു.