മങ്കൊന്പ് : പാടശേഖരത്തിൽ രണ്ടാംകൃഷിക്കായി അമിതമായി വെള്ളം കയറ്റിയത് സമീപത്തെ പുരയിടങ്ങളെയും വീടുകളെയും വെള്ളത്തിനടിയിലാക്കി. നെടുമുടി കൃഷിഭവൻ പരിധിയിലെ കടന്നങ്കാട്ട് പാടശേഖരത്തിൽ വെള്ളം കയറ്റിയതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയത്.
വെള്ളം കയറ്റിയതിനു പിന്നാലെ വേനൽമഴകൂടി എത്തിയത് ദുരിതം വർധിപ്പിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് പാടശേഖരത്തിലെ പുറം ബണ്ടിലും മറ്റുമായി താമസിക്കുന്ന നൂറോളം കുടുംബങ്ങളാണ് വെള്ളപ്പൊക്ക കെടുതിയനുഭവിക്കുന്നത്. ആഴ്ചകളായി വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ വർഷങ്ങളായി നട്ടുപിടിപ്പിച്ച പുരയിടത്തിലെ കരക്കൃഷികളും നശിക്കാൻ തുടങ്ങി.
വേനലിൽപോലും പ്രദേശത്ത് വെള്ളപ്പൊക്കത്തിന്റെ പ്രതീതിയാണ്. രണ്ടാഴ്ച മുന്പാണ് പാടശേഖരത്തിൽ രണ്ടാംകൃഷിക്കുള്ള നിലമൊരുക്കലിന്റെ ഭാഗമായി വെള്ളം കയറ്റിയത്. പുഞ്ചക്കൃഷി കഴിഞ്ഞതോടെ പാടശേഖരത്തിലെ മോട്ടോർ തറയിലെ പെട്ടിയും പറയും അറ്റകുറ്റപ്പണിക്കായി നീക്കം ചെയ്തിരുന്നു. അതോടെ മോട്ടോർ പ്രവർത്തിപ്പിച്ചു വെള്ളം വറ്റിക്കാനും സാധിക്കാതെയായി. വെള്ളം കയറ്റിയതിനു പിന്നാലെ മഴ കൂടി എത്തിയതോടെ പ്രദേശത്ത് ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്.
പാടശേഖരത്തിലെ പുറംബണ്ട് ഉയർത്തി വെള്ളക്കെട്ടിനു പരിഹാരം കാണണമെന്നു കാട്ടി നേരത്തെ പ്രദേശവാസികൾ പരാതികളും നിവേദനങ്ങളും നൽകിയിരുന്നു. നിലമൊരുക്കലിനായി തൂന്പുകൾ തുറന്ന് താമസക്കാർക്ക് ദോഷം വരാത്ത തരത്തിൽ മാത്രമെ വെള്ളം കയറ്റാവൂ എന്നതാണ് പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യം.
വെള്ളക്കെട്ടുണ്ടാകാത്ത തരത്തിൽ ബണ്ടുകൾ ബലപ്പെടുത്തിയ ശേഷം മാത്രമേ പാടത്ത് വെള്ളം കയറ്റാവൂ എന്നാവശ്യപ്പെട്ട് നേരത്തെ പാടശേഖരസമിതിക്കു നിവേദനം നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു. വെള്ളക്കെട്ടിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പുഞ്ച സെപ്ഷൽ ഓഫീസർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.നെടുമുടി കടന്നാട് പാടശേഖരത്തിൽ വെള്ളം കയറ്റിയതിനെത്തുടർന്ന് വെള്ളത്തിനടിയിലായ പുറംബണ്ടിലെ പുരയിടങ്ങളിലൊന്ന്.