കളമശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക അൾട്രാസോൺ സിടി സ്കാൻ മെഷീൻ മുഖ്യമന്ത്രി പിണറായി വിജയൻ 20ന് ഉദ്ഘാടനം ചെയ്യും. അഞ്ചുകോടി രൂപ ചെലവില്‍ അമേരിക്കൻ നിര്‍മിത മെഷീനാണ് പ്രവർത്തനസജ്ജമാകുന്നത്. ഒരേസമയം ശരീരഭാഗത്തിന്റെ 68 ചിത്രങ്ങൾ എടുക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
എക്സ്-റേയിൽ ഒരു കോണിൽനിന്നുള്ള ചിത്രമാണ് കിട്ടുന്നതെങ്കിൽ സിടി സ്കാനിംഗിൽ 360 ഡിഗ്രിയിൽ ശരീരത്തിന് ചുറ്റുംനിന്നുള്ള എക്സ്-റേ ചിത്രം ലഭിക്കും. ശരീരം മുഴുവനായും പല ഭാഗങ്ങളായും പരിശോധന നടത്താനാകും. തലച്ചോർ, ശ്വാസകോശം, ഹൃദയം, വയർ എന്നിവിയങ്ങളിലെ ക്ഷതങ്ങളും ഒടിവുകളും ത്രിമാനരൂപത്തിൽ കണ്ടെത്താം.
മെഡിക്കൽ കോളജിൽ എത്തുന്ന നിർധനരായ രോഗികൾക്ക് ഇനിമുതൽ 700 രൂപയ്ക്കു സ്കാൻ റിസൾട്ട് ലഭിക്കും. സ്വകാര്യകേന്ദ്രങ്ങളിൽ 4000 രൂപ വരെ ചെലവ് വരുന്ന സേവനമാണിത്. സമീപത്തെ കൊച്ചി കാൻസർ റിസർച്ച് സെന്ററിന്റെ വികസനപ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തുന്പോഴാണു മുഖ്യമന്ത്രി സ്കാൻ മെഷീന്റെ ഉദ്ഘാടനം നിർവഹിക്കുക.
ഏതാനും മാസം മുമ്പ് വരെ മെഡിക്കൽ കോളജിൽ സ്വകാര്യസ്ഥാപനത്തിന്റെ സിടിസ്കാനാണ് പ്രവർത്തിച്ചിരുന്നത്. ഇത് ഇടയ്ക്കിടെ കേടാകുന്നതു രോഗികൾക്കും ഡോക്ടർമാർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എറണാകുളത്തിനു പുറമെ സംസ്ഥാനത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രമാണ് ഇത്രയധികം വിലയുള്ള സിടി സ്കാനുള്ളൂവെന്നു മെഡിക്കൽ സൂപ്രണ്ട് പീറ്റർ ടി. വാഴയിൽ പറഞ്ഞു.