വടക്കഞ്ചേരി: ടൗണിലെ തിരക്കേറിയ റോഡരികിൽ രാജൻ വിശ്രമിക്കാനിരിക്കുന്പോൾ താറാവുകുട്ടികളെ നിയന്ത്രിക്കുന്നത് ഈ വടിയുടെ തലയ്ക്കു കെട്ടിവച്ച പ്ലാസ്റ്റിക് കവറുകൾകൊണ്ടാണ്. മുകളിലൂടെ പ്ലാസ്റ്റിക് കവറുകൾ പായിച്ചാൽ കുഞ്ഞുതാറാവുകൾക്ക് അറിയാം ഇപ്പോൾ നടക്കാനുള്ള സമയമല്ല, വിശ്രമിക്കാനുള്ള സമയമാണെന്ന്. ഇതോടെ അവ കൂട്ടംകൂടി റോഡരികിൽ ഇരിക്കും. നൂറുതാറാവു കുട്ടികളുണ്ട് ഇക്കൂട്ടത്തിൽ.
തിരക്കേറിയ ടൗണ്‍ റോഡിലൂടെ ഇവയെ ആട്ടിക്കൊണ്ടുപോകുന്പോൾ ഒരെണ്ണംപോലും കൂട്ടംതെറ്റിയോടി രാജനെ ബുദ്ധിമുട്ടിക്കാറില്ല. പകൽച്ചൂടിൽ താറാവു കുഞ്ഞുങ്ങൾക്ക് നടക്കാൻ വയ്യാതായാൽ പത്തുമിനിറ്റ് അവയ്ക്ക് വിശ്രമം നല്കി മാത്രമേ രാജൻ യാത്ര തുടരൂ. അതിരാവിലെ തുടങ്ങും വാളയാർ സ്വദേശിയായ രാജന്റെ ഈ തൊഴിൽ.
നൂറോ, നൂറ്റിയന്‍പതോ എണ്ണം കുഞ്ഞുങ്ങളുമായാണ് വില്പനയ്ക്ക് ഇറങ്ങുക. ജോടിക്ക് നൂറുരൂപമുതൽ 120 രൂപവരെ വിലയുണ്ട്. വൈകുന്നേരംവരെ വില്പന തുടരും.ശേഷിക്കുന്ന താറാവുകുഞ്ഞുങ്ങളെ തുണിസഞ്ചിയിലാക്കി പാലക്കാട്ടേയ്ക്ക് ബസ് കയറും. കുട്ടനാട്ടിൽനിന്നാണ് താറാവുകുഞ്ഞുങ്ങളെത്തുന്നത്.
കാലവർഷം അടുത്തെത്തിനില്‍ക്കേ താറാവു കുഞ്ഞുങ്ങൾക്കു ഡിമാന്റുണ്ട്.വെള്ളമുള്ള കുറഞ്ഞ സ്ഥലത്ത് നെറ്റുകെട്ടി തിരിച്ച് നാലുതാറാവിനെ വളർത്തിയാൽ ഭക്ഷണവേസ്റ്റ് പാഴാക്കാതെ താറാവിനു തീറ്റയായി നല്‍കാം. ആറുമാസംകൊണ്ട് താറാവ് മുട്ടയിടാനും തുടങ്ങും.