പുനലൂർ: വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്തെത്തി. വെഞ്ചേമ്പ് അയണിക്കോട് മംഗലത്ത് പുത്തൻവീട്ടിൽ അനിലാലിന്റെ മകൻ ജി. ജിഷ്ണു ലാൽ (14) ആണ് കെഐപി കനാലിൽ മരിച്ച നിലയിൽ രണ്ടു മാസത്തിന് മുൻപ് കണ്ടെത്തിയത്.
വീടിനോട് ചേർന്ന് കനാൽ ഉണ്ടെങ്കിലും 14 വയസുവരെ കുട്ടി കനാലിൽ കളിക്കാൻ ഇറങ്ങിയിട്ടില്ലെന്നും, കാണാതാവുന്ന ദിവസം വൈകുന്നേരം 6.30 വരെയും വീടിന്റെ മുറ്റത്ത് കുളിക്കുന്നതിന് വേണ്ടി തോർത്തും ഉടുത്ത് നിൽക്കുന്നത് അയൽവാസികൾ കണ്ടിരുന്നുവത്രെ.
ജിഷ്ണു ലാൽ വീട്ടിൽ മാത്രമേ ഇത്രയും നാളും കുളിച്ചിട്ടുള്ള എന്ന് മാതാപിതാക്കൾ പറയുന്നു. കുട്ടിയെ കാണാതായതിന് ശേഷം വിശദമായ പരിശോധനയിൽ വീടിനുള്ളിൽ രക്തം കണ്ടത് ദുരൂഹത വർധിപ്പിക്കുന്നു.
ഒപ്പം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലുമുള്ള ക്ഷതങ്ങളും മറ്റും മരണത്തിന്റെ അസ്വഭാവികത വർധിപ്പിക്കുന്നു. പോസ്റ്റുമോർട്ടത്തിലും മുങ്ങിമരണം എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
എന്നാൽ പഠിത്തത്തിലും സ്പോർട്സിലും മിടുക്കനായ ഒൻപതാം ക്ലാസ് വിദ്യാർഥി ജിഷ്ണുവും ഇതേ സ്കൂളിലെ 10 ാം ക്ലാസ് വിദ്യാർഥികളുടെ ചെയ്തികൾ ചോദ്യം ചെയ്യുകയും ഇത് സ്കൂൾ അധികൃതരെ അറിയിക്കുകയും ചെയ്തു.
തുടർന്ന് ജിഷ്ണുവിനെ ഇവർ അസഭ്യം പറയുകയും മരണത്തിന് തൊട്ട് മുൻപുള്ള ദിവസം മർദിച്ചതായും പറയപ്പെടുന്നു. ഇത് ജിഷ്ണുവിന്റെ സഹപാഠികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. 10 ാം ക്ലാസ് പിരിഞ്ഞു പോകൽ ദിവസം ജിഷ്ണുവിനെ ആക്രമിച്ച സംഘം നിന്നെ പിന്നെ എടുത്തോളാം എന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പറയുന്നു.
ഇതൊക്കെകാട്ടി പുനലൂർ പോലീസിൽ പരാതി നൽകി എങ്കിലും അന്വേഷണം ഒന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്നു. കൂലി പണിക്കാരായ അനിലാലും മാതാവ് ഗിരിജയും ജോലി കഴിഞ്ഞ് വൈകിയാണ് വീട്ടിൽ എത്തുക.
എന്നാൽ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന ആവശ്യവുമായി നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ്. മരണത്തിന് പിന്നിലെ സത്യാവസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികൾക്കും പരാതി നൽകി.