മുക്കം: കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാൻ വ്യാപാരികൾ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ മുക്കം മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. നിർമാതാക്കൾ വില കുറയ്ക്കാൻ തയ്യാറായ പശ്ചാത്തലത്തിൽ വ്യാപാരികളും വില കുറയ്ക്കണമെന്നും മൊത്തക്കച്ചവടക്കാരിൽ നിന്നും ഏഴര രൂപയ്ക്ക് ലഭിക്കുന്ന ഒരു ലിറ്റർ കുപ്പിവെള്ളം 20 രൂപയ്ക്ക് വിൽക്കുന്നത് ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും നേതാക്കൾ പറഞ്ഞു.
ഡിവൈഎഫ്ഐ പ്രവർത്തകർ മുക്കത്തെ കടകളിൽ കയറി കുപ്പി വെള്ളത്തിന്റെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കൊള്ളലാഭം അവസാനിപ്പിക്കാൻ വ്യാപാരികൾ തയ്യാറായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ ക്യാമ്പയിനുകൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകുമെന്ന് മേഖല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
മേഖല സെക്രട്ടറി എ.പി ജാഫർ ഷെരീഫ്, പ്രസിഡന്റ് നോർമൻ, ട്രഷറർ അനൂപ് മഠത്തിൽ, ജയപ്രസാദ്, അഖിലേഷ്, അതുൽ കച്ചേരി, ബാബു, ജിൻഷു തുടങ്ങിയവർ നേതൃത്വം നൽകി.