തലശേരി: എടക്കാട്ടെ ഓട്ടോഡ്രൈവർ എ. ഉനൈസ് മരിച്ചത് കസ്റ്റഡി മർദനത്തെ തുടർന്നാണെന്ന ആരോപണത്തെക്കുറിച്ച് തൃശൂർ ഐജി റേഞ്ച് അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേത്തെ തുടർന്നാണ് ആരോപണം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
ഐജി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എടക്കാട്ടെ വീട്ടിലെത്തി തെളിവെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഘം വീട്ടിലെത്തിയത്. തുടർന്ന് വീട്ടുകാരെ തലശേരി റസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ഡിവൈഎസ്പി മോഹന ചന്ദ്രൻ, ഐജി ഓഫീസിലെ എസ്ഐമാരായ ജോയി, ജോസ് എന്നിവരാണു വീട്ടുകാരുടെ മൊഴിയെടുത്തത്.
ഉനൈസിന്റെ മാതാവ് എ. സക്കീന, സഹോദരങ്ങളായ നവാസ്, നിയാസ്, ബന്ധു സാദിഖ് എന്നിവരാണ് ഇന്നലെ വൈകുന്നേരം റസ്റ്റ് ഹൗസിലെത്തി മൊഴിനൽകിയത്. പാലക്കാട് ആദിവാസ് യുവാവ് മധുവിനെ കെട്ടിയിട്ട് മർദിച്ചു കൊലപ്പെടുത്തിയ കേസ് അന്വഷിച്ച സംഘമാണ് ഉനൈസിന്റെ ദുരൂഹമരണവും അന്വേഷിക്കുന്നത്.
തലശേരി റസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് സംഘം അന്വേഷണം നടത്തുന്നത്. ഉനൈസിനെ കസ്റ്റഡിയിലെടുത്ത ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, ഉനൈസിനെതിരേ പോലീസിൽ പരാതി നൽകിയ വ്യക്തി തുടങ്ങിയവരെ തുടർദിവസങ്ങളിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യും.
ഉനൈസിനെ അഞ്ചുദിവസം കിടത്തി ചികിത്സിപ്പിച്ച തലശേരി സഹകരണ ആശുപത്രിയിലെ രേഖകളും സംഘം പരിശോധിക്കും. ഉനൈസിനെ ഫെബ്രുവരി 23ന് രാവിലെ ഏഴിന് എടക്കാട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ പിടിച്ചു കൊണ്ടുപോയതായും സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദിച്ചതായും ഉമ്മ സക്കീന മൊഴി നൽകി. വൈകുന്നേരമാണ് വിട്ടയച്ചത്.
മർദിച്ച് അവശനാക്കിയതിനാൽ നടക്കാൻപോലും കഴിയാത്ത സ്ഥിതിയിലായിരുന്നു. അടിയേറ്റ് കാലുകൾ ചുവന്നു വീർത്തിരുന്നു. അന്നു പുലർച്ചെ 1.30 ഓടെയാണ് രണ്ടു സുഹൃത്തുക്കളെ വിളിച്ചുവരുത്തി തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. -സക്കീന അന്വേഷണസംഘത്തിനു മൊഴി നൽകി. ആശുപത്രിയിൽനിന്ന് തിരിച്ചു വീട്ടിൽ വന്ന ഉനൈസ് മക്കളെ ജോലിചെയ്തു പോറ്റാനാകില്ലെന്നും ഇനി ജീവിച്ചിട്ടു കാര്യമില്ലെന്നും ഇടയ്ക്കിടെ പറഞ്ഞിരുന്നതായും ഉമ്മ മൊഴി നൽകി.