തിരുവനന്തപുരം: യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതിലൂടെ കർണാടക ഗവർണർ ജനാധിപത്യ കശാപ്പാണ് നടത്തിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭൂരിപക്ഷം നിങ്ങൾ കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ് ഗവർണർ ഇതിലുടെ നൽകുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
കർണാടക ഗവർണർ തന്റെ പദവി മറന്ന് ആർഎസ്എസുകാരനായി പ്രവർത്തിക്കുകയാണ്. ആർഎസ്എസിന്റെ ശൈലിതന്നെ കശാപ്പാണ്. മനുഷ്യകശാപ്പിൽനിന്ന് ജനാധിപത്യ കശാപ്പിലേക്ക് അവർ എത്തിയിരിക്കുന്നു. കർണാടകയിൽ നടക്കുന്ന കുതിരകച്ചവടത്തിന്റെ ഇടനിലക്കാരനായി ഗവർണർ അധഃപതിച്ചിരിക്കുന്നു.
നിയമസഭയിൽ ഭൂരിപക്ഷമുള്ള വിഭാഗത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയാണ് നിലവിലുള്ള കീഴ്വഴക്കം. അതിന് വിരുദ്ധമാണ് കർണാടകയിൽ ചെയ്തത്. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോണ്‍ഗ്രസ് ആയിരുന്നു വലിയ ഒറ്റകക്ഷി. എന്നാൽ കോണ്‍ഗ്രസിനെയല്ല, ബിജെപിയെയാണ് അവിടങ്ങളിൽ സർക്കാരുണ്ടാക്കാൻ ഗവർണർമാർ ക്ഷണിച്ചത്. കൂടുതൽ ഭൂരിപക്ഷമുള്ള കക്ഷിയെ ക്ഷണിച്ചുവെന്നാണ് അന്ന് ഗവർണർമാർ പറഞ്ഞത്.
ഇപ്പോൾ അത് തിരിച്ചാവുന്നു. ഭൂരിപക്ഷം നിങ്ങൾ കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ് ഗവർണർ ഇതിലുടെ നൽകുന്നത്.