കാലം ഏറെ പുരോഗമിക്കുമ്പോഴും സാക്ഷരതയും സംസ്കാരവും വര്‍ധിക്കുമ്പോഴും പെണ്‍കുട്ടികളുടെ ജീവിതം തന്നെ തകര്‍ക്കുന്ന തരത്തിലുള്ള ബാലവിവാഹങ്ങള്‍ക്ക് തദനുസൃതമായ കുറവൊന്നും ഉണ്ടാകുന്നില്ല. ബാല വിവാഹമെന്ന് ഉറപ്പിച്ച് വിളിക്കാനാവില്ലെങ്കിലും തീരെ ചെറുപ്പത്തിലേ നടത്തുന്ന പല വിവാഹങ്ങളും പെണ്‍കുട്ടികള്‍ക്ക് ശാപം തന്നെയാണ്.
ഈ സാഹചര്യത്തിലാണ്, വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടികളുടെ ആത്മഹത്യ ചെയ്ത ശരീരങ്ങള്‍ കാണുമ്പോള്‍ എന്നും വിങ്ങലാണെന്ന് വ്യക്തമാക്കികൊണ്ട് വീണ ജെഎസ് എന്ന യുവ ഡോക്ടര്‍ എഴുതിയ ഒരു കുറിപ്പ്് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ഡോ വീണയുടെ വികാരനിര്‍ഭരമായ കുറിപ്പ് വായിക്കാം…
വകയിലല്ലാത്ത ചേച്ചീടെ കല്യാണം നിശ്ചയിക്കുന്നത് ഇരുപത്തിരണ്ടാം വയസ്സിലാണ്. രണ്ടുമാസത്തിനുള്ളില്‍ കല്യാണം. ഇപ്പൊ നടന്നില്ലെങ്കില്‍ പിന്നെ മുപ്പതു കഴിഞ്ഞേ നടക്കൂ എന്നും പറഞ്ഞു ബലം പിടിച്ച് നടത്തിയ കല്യാണം. കന്യാദാനത്തിന്റെ സമയത്ത് പൊട്ടിക്കരഞ്ഞ ചേച്ചിയുടെ വിറയ്ക്കുന്ന മുഖം ഇന്നും ഓര്‍മയിലുണ്ട്. വിവാഹത്തെ ചേച്ചി ഒരുപാട് എതിര്‍ത്തിരുന്നു. പഠനം തുടരണം എന്നായിരുന്നു ആഗ്രഹം. അനിയത്തിമാരും കുറേ എതിര്‍ക്കാന്‍ ശ്രമിച്ചു.
കല്യാണത്തലേന്നു സംഭവിച്ച ഒരുകാര്യം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. ചേച്ചിക്ക് മൈലാഞ്ചിയിടാന്‍ ചേച്ചിയും അനിയത്തിമാരും കൂടെ വൈകിട്ട് അഞ്ചുമണിയോടെ കൂട്ടുകാരിയുടെ വീട്ടില്‍ പോയി.
രണ്ടുകയ്യിലും മുട്ടുവരെയും രണ്ടുകളിലും ഇട്ടതോടെ മണി എട്ട്. ഒരുപാട് തവണ ഫോണ്‍ വന്നിരുന്നു. തിരിച്ചു വീട്ടിലെത്തിയതും ശകാരത്തിന്റെ മേളം. അതിനിടയില്‍ പൊങ്ങിയ ഒരു വൃത്തികെട്ട ഡയലോഗ് ഇപ്രകാരമായിരുന്നു. ‘വല്യ എതിര്‍പ്പായിരുന്നല്ലോ കല്യാണത്തിന്. എന്നിട്ടിപ്പോ കണ്ട വീട്ടില്‍ ഒരുങ്ങാന്‍ പോയിരിക്കുന്നു.’
എതിര്‍ത്ത വിവാഹം നടക്കുന്നതില്‍ ആര്‍ക്കും ചോദ്യങ്ങള്‍ ഉണ്ടായില്ല. ഇനി മുപ്പതിലേ നടക്കൂ എന്നത് എല്ലാത്തിനെയും കവച്ചുവെച്ചിരുന്നു. ഇഷ്ടമില്ലാതെ വിവാഹം ചെയ്തവന്റെ അതിലേറെ വെറുക്കപ്പെട്ട വിയര്‍പ്പും ശുക്ലവും ! വിവാഹനിശ്ചയത്തിനു കുറച്ചുനാളുകള്‍ മുന്‍പ് വരെ ചിരിച്ച പോലെ ചേച്ചി പിന്നെ ചിരിച്ചിട്ടില്ല
വാ തുറന്നു പറയാന്‍ പാടില്ലായിരുന്നോ എന്ന് ചോദിക്കുന്നവരോട് പറയാനുള്ളത് : ചില വീടുകളില്‍ പെണ്ണുങ്ങള് ഉറക്കെ ചിരിക്കാറില്ല. ഉറക്കെ കരയാറുമില്ല. അടിവയറില്‍ ചവിട്ട് കൊണ്ടാലും ഞരക്കങ്ങള്‍ മാത്രം ഉയരുംവിധമാണ് അവര്‍ പാകപ്പെട്ടിട്ടുള്ളത് !
പതുക്കെ വീട്ടുകാര്‍ക്ക് കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങി. വിവാഹമോചനം നടന്നു. ചേച്ചി വീണ്ടും ചിരിച്ച് തുടങ്ങി. കൂടെയൊരു കുഞ്ഞും മനോഹരമായി ചിരിച്ചുകൊണ്ടിരിക്കുന്നു.
ചേച്ചിക്ക് മുപ്പതു വയസ്സ് കഴിഞ്ഞു. ഇനിയും ഒരു പങ്കാളി വന്നിട്ടില്ല. പങ്കാളി ഒരു അത്യാവശ്യ കാര്യമല്ല. പക്ഷേ ചില നേരങ്ങളില്‍ ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആത്മാവിന്റെ ആഴങ്ങളില്‍ എത്താന്‍ ശക്തിയുള്ള ഒരു സൗഹൃദം വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ലിംഗപദവി പോലും തിരിച്ചറിയാന്‍ നമ്മള് നമ്മുടെ കുഞ്ഞുങ്ങളെ അനുവദിക്കുന്നില്ല. പെണ്ണാണെങ്കില്‍ എല്‍കേജിയില്‍ ചേര്‍ക്കുന്ന അന്ന് തുടങ്ങും boy friends\ കിട്ടിയോ, ആണാണെങ്കില്‍ തിരിച്ചും. പിന്നെയാണ് വിവാഹമോചനശേഷമുള്ള പങ്കാളി !
വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടികളുടെ ആത്മഹത്യ ചെയ്ത ശരീരങ്ങള്‍ കാണുമ്പോള്‍ എന്നും വിങ്ങലാണ്. കഴിഞ്ഞ ദിവസവും ഒരു ഇരുപതുകാരി ഇതേ കാരണത്താല്‍ ആത്മഹത്യ ചെയ്ത് മരിച്ചുകിടക്കുന്നത് കണ്ടു.
കണ്പോളകളില് കറുത്ത ലൈനറും കൈകാല്‍ വിരലുകളില്‍ ക്യൂട്ടെക്സും മൈലാഞ്ചിയും കണ്ടപ്പോള്‍ എനിക്കാ പഴയ വൃത്തികെട്ട ചോദ്യം മനസിലേക്ക് തികട്ടി വന്നു. ‘വലിയ എതിര്‍പ്പായിരുന്നല്ലോ. പിന്നെന്തിനാ ഒരുങ്ങിയത്?’
ഒരുപക്ഷെ, ഏതെങ്കിലും ഒരു പയ്യന് വഴിയില്‍ അവളെ നോക്കി ചിരിച്ചതുകൊണ്ടാവും ധൃതിപിടിച്ച് കല്യാണം നിശ്ചയിച്ചത്. അല്ലെങ്കില്‍ വേറെ ജാതിയിലോ കുലത്തിലോ ഉള്ള ചെറുക്കനുമായുള്ള ഇഷ്ട്ടം കണ്ടുപിടിച്ചതുകൊണ്ടാവും. അല്ലെങ്കില്‍ ജാതകം. അതുമല്ലെങ്കില്‍ അച്ഛന് മരിച്ച കൊച്ചിനെ വേഗം ബാധ്യത തീര്‍ത്തു കെട്ടിച്ചു വിടല്‍ ! നഷ്ട്ടം എങ്ങനെയായാലും ആ പെണ്‍കുട്ടിക്ക് മാത്രം.
പക്ഷേ, ഇങ്ങനെ ബലി നടത്തുന്ന മാതാപിതാക്കള്‍ക്ക് ഈ ശവമല്ലാതെ ഇതിലും വലിയ, അവര്‍ അര്‍ഹിക്കുന്ന മറ്റൊന്ന് കിട്ടാനുണ്ടോ എന്ന് അമര്‍ഷം കൊണ്ട് ചിലപ്പോളൊക്കെ തോന്നിയിട്ടുണ്ട്.
പക്ഷേ, പെണ്‍ശരീരങ്ങളേ… ആണ്‍മേധാവിത്വസമൂഹത്തിന്റെ എല്ലാ ചങ്ങലകളും പൊട്ടിച്ചെറിയാന്‍ നിങ്ങള്‍ക്ക് കഴിയും. വേദനയും അമര്‍ഷവും അറപ്പും വെറുപ്പും കൊണ്ട് ഞരങ്ങുന്നതിനു പകരം അലറുക, അലറിയലറികരയുക, കൂക്കിവിളിക്കുക, സന്ദര്‍ഭം ആവശ്യപ്പെടുന്നെങ്കില്‍ നീചമായി തെറികള്‍ വിളിക്കുക, നിയമസംവിധാനത്തെ ഉപയോഗപ്പെടുത്തുക. നിങ്ങളുടെ അലര്‍ച്ചകള്‍ വൈകിയാണെങ്കിലും പുഞ്ചിരിയില്‍ എത്തിയിരിക്കും. ഉറപ്പ്.
ആണ്‍മേധാവിത്വമനസ്സുള്ള പെണ്ണുങ്ങളെ കൂടുതല്‍ സൂക്ഷിക്കുക. ഇഷ്ടമില്ലാത്തവന്റെ കൂടെ വിവാഹമെന്ന ഒറ്റക്കാരണം കൊണ്ടു കിടന്നു കൊടുക്കേണ്ടിവന്നെങ്കിലും, ചാകാതെ പിടിച്ചുനിന്ന, എന്നെങ്കിലും പുഞ്ചിരിക്കുമെന്ന സ്വപ്നത്തില്‍ ജീവിച്ചു വിജയിച്ച ആ ചേച്ചിക്ക് എന്റെ ഉമ്മകള്‍. ഇനിയും ചിരിക്കൂ. പൊട്ടിപ്പൊട്ടി ചിരിക്കൂ.
=ഒരു കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തുന്നത് കണ്ടോ,
=ശോ വേറെ കല്യാണം പോലും കഴിക്കാതെ അല്ലേ പാവം,
= ഒരുങ്ങി കെട്ടി നടക്കുന്നത് കണ്ടില്ലേ, നാണം ഉണ്ടോ
= ഒറ്റയ്ക്ക് സിനിമക്ക് പോകുമോ / വിവാഹമോചനം കഴിഞ്ഞു കൂട്ടുകാരുടെ കൂടെ ടൂര്‍ പോകുന്നോ
= കണ്ടാല്‍ ചെറുപ്പമാണല്ലോ, ഇനി വല്ല അവിഹിതവും ഉള്ളോണ്ടാവുമോ ഈ ചെറുപ്പം
ഇമ്മാതിരി എല്ലാ ചോദ്യങ്ങളും പുല്ലുവിലക്കു തള്ളിക്കളഞ്ഞു ജീവിക്കുന്ന നിനക്കെന്റെ വിപ്ലവാഭിവാദ്യങ്ങള്‍. <3
By the by…. വിവാഹം കഴിഞ്ഞ എത്ര പെണ്ണുങ്ങള്‍ക്ക് കൂട്ടുകാരുടെ കൂടെ ടൂര്‍ പോകാന്‍ കുടുംബം എന്ന വ്യവസ്ഥ സഹായകമാവുന്നുണ്ട് ???? എണ്ണം തുച്ഛമാകാനേ വഴിയുള്ളൂ.
വിവാഹമോചനം നേടിയ ശേഷം പോയാല്‍ എന്ത് ? Marital status നോക്കാതെ നമുക്കെല്ലാം ചെയ്യാന്‍ കഴിയേണ്ടതുണ്ട്.
(NB: Meera കമന്റ് ബോക്സില്‍ ഇട്ട link വായിക്കണം.)
കഴിഞ്ഞയാഴ്ച മലപ്പുറത്തുള്ള ഒരു പെണ്‍കുട്ടി എനിക്ക് മെസ്സേജ് അയച്ചു. ജോലിസാധ്യതയുള്ള എന്തേലും ഒരു കോഴ്സ് പറഞ്ഞുതരുമോ എന്ന്. പ്ലസ് ടു കഴിഞ്ഞു. അവളെ സംബന്ധിച്ച് വീട്ടുകാര്‍ക്ക് ഇനി ആലോചിക്കാനുള്ളത് കല്യാണം മാത്രമാണ്. ജോലിസാധ്യത ഉള്ള കോഴ്സ് തുടങ്ങിവെക്കാനെങ്കിലും പറ്റിയാല്‍, വിവാഹത്തിന് ശേഷം ആ പഠനം എന്നെങ്കിലുമൊന്നു മുഴുമിപ്പിച്ചു, വൈകിയാണെങ്കില്‍പ്പോലും എന്നെങ്കിലും ഒരു ജോലി നേടാല്ലോ എന്നാണ് പറഞ്ഞത്.