കോട്ടയം: കടപ്ലാമറ്റം വയലായ്ക്കു സമീപം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി.കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ കൊഴപ്പള്ളിയിൽ പുലിക്കുന്നമുകളേൽ വാടകയ്ക്കു താമസിക്കുന്ന സിനേഷ് (40), ഭാര്യ നിഷ (35), മക്കളായ സൂര്യതേജസ് (12), ശിവതേജസ് (എഴ്) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നു രാവിലെ 8.30നു സമീപവാസികൾ വിളിച്ചിട്ടും വീട് തുറക്കാതെ വന്നതോടെ നാട്ടുകാരും മരങ്ങാട്ടുപിള്ളി പോലീസും ചേർന്നു നടത്തിയ പരിശോധനയിലാണു മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കിടങ്ങൂർ കുടല്ലൂർ സ്വദേശികളായ ഇവർ കുറച്ചുനാളുകൾ മുന്‍പാണു വയലായിലുള്ള വാടക വീട്ടിൽ വന്നു താമസം തുടങ്ങിയത്.
സ്വന്തമായി ഇവർ കിടങ്ങൂരിൽ വീട് പണിതു കൊണ്ടിരിക്കുകയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്നു സിനേഷ്. സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണു മരണത്തിനു പിന്നിലെന്നു സംശയിക്കുന്നു. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരങ്ങാട്ടുപിള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.