ലിയോണ്‍: അന്റോണി ഗ്രീസ്മാന്റെ ഇരട്ടഗോൾ മികവിൽ അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി. ലിയോണിൽ നടന്ന ഫൈനലിൽ അത്ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളിന് ഫ്രഞ്ച് ക്ലബ് മാഴ്സെയെ തകർത്തു.
മൂന്നാം തവണയാണ് അത്ലറ്റിക്കോ യൂറോപ്പ ലീഗ് ചാന്പ്യന്മാരാകുന്നത്. അത്ലറ്റിക്കോയ്ക്കൊപ്പം ഗ്രീസ്മാന്റെ ആദ്യത്തെ പ്രധാന കിരീടമാണ്. ലിയോണിന് 70 കിലോമീറ്റർ അകലെയുള്ള മാകോണിൽ ജനിച്ച ഗ്രീസ്മാൻ രണ്ടു പകുതികളിലുമായാണ് ഗോൾ നേടിയത്. 21, 49 മിനിറ്റുകളിലാണ് ഫ്രഞ്ച് സ്ട്രൈക്കർ ഗോൾ നേടിയത്. 89-ാം മിനിറ്റിൽ ഗാബിയിലൂടെ അത്ലറ്റിക്കോ വിജയം ഉറപ്പിച്ചു.
പരിക്കിനെത്തുടർന്ന് മാഴ്സെ നായകനും ഫ്രാൻസ് ദേശീയ ടീമിൽ ഗ്രീസ്മാന്റെ സഹതാരവുമായ ദിമിത്രി പായെയെ ആദ്യപകുതിയിൽ തന്നെ പിൻവലിക്കേണ്ടിവന്നു.ചാന്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനോട് 2014ലും 2016ലും പരാജയപ്പെട്ട ശേഷമാണ് അത്ലറ്റിക്കോ യൂറോപ്പിന്റെ രണ്ടാംനിര ക്ലബ് കിരീടം നേടുന്നത്.
2010ലും 2012ലും അത്ലറ്റിക്കോ യൂറോപ്പ നേടിയിരുന്നു. 2012ലെ കിരീടം നേടുന്പോൾ ഡിയേഗോ സിമിയോണി പരിശീലകനായിട്ട് ആറു മാസമേ ആയിരുന്നുള്ളൂ. ടച്ച് ലൈൻ വിലക്കിനെത്തുടർന്ന് സിമിയോണി ഇന്നലെ ഗാലറിയിൽ ഇരുന്നാണ് ഫൈനൽ കണ്ടത്.