കലങ്ങിമറിഞ്ഞൊഴുകുകയാണ് കര്‍ണാടക രാഷ്ട്രീയം. എപ്പോള്‍ ശാന്തമാകുമെന്നത് അവ്യക്തം. സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളും ട്വിസ്റ്റുകളുമായി കഥ മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നു. കൊഴിഞ്ഞുപോക്കും കൂടിച്ചേരലും കൂറുമാറ്റവുമൊക്കെ എപ്പോള്‍, എങ്ങനെ വേണമെങ്കിലും സംഭവിക്കാം.
രാജ്യമൊന്നാകെ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന കര്‍ണാടകത്തിലെ നാടകം കളിയെ പരിഹസിക്കുന്നവരാണ് നല്ലൊരു ശതമാനം ആളുകളും. ഇത്തരത്തില്‍ നേതാക്കളുടെ പോരടിക്കലിനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.
വോട്ടെണ്ണും വരെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്നവര് വോട്ടെണ്ണിക്കഴിഞ്ഞാല്‍ റിസോര്‍ട്ടില്‍ ഒളിച്ചിരിക്കുമെന്ന പരിഹാസവുമായാണ് നടനും സംവിധായകനുമായ ജോയ് മാത്യു എത്തിയിരിക്കുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ജോയ് മാത്യുവിന്റെ പ്രതികരണമാണിത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
”വോട്ടെണ്ണിക്കഴിയുന്നത് വരെ ജനങ്ങളോടൊപ്പം വോട്ടെണ്ണിക്കഴിഞ്ഞാലോ ജനങ്ങളില്‍ നിന്നും ഒളിച്ചോടി ഏതെങ്കിലും റിസോര്‍ട്ടില്‍ ഒളിച്ചിരിക്കുകയോ പാര്‍ട്ടി തടവില്‍ കഴിയുകയോ ചെയ്യുന്നതിനെയാണോ ഇന്ത്യന്‍ ജനാധിപത്യം എന്ന് പറയുന്നത്.
വാലില്ലാത്ത കഷ്ണം
………………..
മുമ്പൊക്കെ നൂറുകോടി ക്ലബ്ബില്‍ കയറിപ്പറ്റാന്‍ സിനിമയെടുക്കണമായിരുന്നു.
ഇന്ന് കര്‍ണാടകയില്‍ ഒരു എംഎല്‍എ ആയാല്‍ മതിയത്രെ.’