കൊച്ചി: റിമാൻഡ് പ്രതികൾക്കു കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന സംഭവത്തിൽ പരിശോധന കർശനമാക്കാൻ പോലീസ്. റിമാൻഡ് പ്രതികൾക്കു കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിൽപ്പെട്ട യുവാക്കളായ രണ്ടു പേർ എറണാകുളം ജില്ലാ കോടതി പരിസരത്തുനിന്നു പിടിയിലായ പശ്ചാത്തലത്തിലാണു പരിശോധന കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്.
ഉദയാ കോളനിയിൽ വീട്ടു നന്പർ 91ൽ മഹേന്ദ്രൻ, വീട്ടു നന്പർ 13ൽ സനീർ എന്നിവരെയാണു കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ നേതൃത്വത്തിൽ ഇന്നലെ പിടികൂടിയത്. ഇവരുടെ സംഘത്തലവനും അനവധി മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതിയും സെൻട്രൽ, കടവന്ത്ര സ്റ്റേഷൻ പരിധികളിലെ മോഷണക്കേസിലെ റിമാൻഡ് പ്രതിയുമായ ഉദയാ കോളനി സ്വദേശി തന്നെയായ പൂച്ചാണ്ടി ദേവനു കൈമാറ്റം ചെയ്യാനായി എത്തിച്ചതായിരുന്നു കഞ്ചാവ്.
കോടതിയിൽ ഹാജരാക്കുന്ന പ്രതികൾക്കു കഞ്ചാവ് ലഭിക്കുന്നതു സംബന്ധിച്ച അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. സെൻട്രൽ, കടവന്ത്ര, നോർത്ത്, പനങ്ങാട് പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ടു മയക്കുമരുന്ന് ആപ്യൂൾ, അഞ്ച് മോഷണം, നാല് അടിപിടി കേസുകൾ ഉൾപ്പെടെ പന്ത്രണ്ടോളം ക്രിമിനൽ കേസുകളിലെ പ്രതിയായ സനീറും മഹേന്ദ്രനും ജയിലിൽ വച്ച് പരിചയപ്പെടുന്ന പ്രതികൾക്കായി ഇത്തരത്തിൽ നിരവധി തവണ കോടതി പരിസരത്ത് വച്ച് മയക്കുമരുന്നുകൾ കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
നിരവധി കവർച്ച, പിടിച്ചുപറി കേസുകളിലെ പ്രതികളായ ഇവർ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, സൗത്ത് റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഈയടുത്ത് രൂപീകൃതമായ കവർച്ചാ സംഘത്തിലെ കണ്ണികളാണ്. ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങളിലെ രഹസ്യ അറകളിൽനിന്നും സഞ്ചരിച്ച സ്കൂട്ടറിൽനിന്നും പ്ലാസ്റ്റിക് കവറുകളിലാക്കി സെലോടേപ്പ് ചുറ്റിയ നിലയിൽ 20 ഗ്രാം തൂക്കമുള്ള ആറ് പായ്ക്കറ്റ് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലാ ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സെൻട്രൽ സിഐ അനന്തലാൽ, ഷാഡോ എസ്ഐ എ.ബി. വിപിൻ ഷാഡോ പോലീസുകാർ എന്നിവരും ഉണ്ടായിരുന്നു.