കൊച്ചി: പരാധീനതകൾക്കുമേൽ സർഗവാസനകളുടെ ചിറകുവിടർത്തി അതിജീവനത്തിന്റെ പാതയിൽ പറന്നുയരുന്ന മെലഡീസ് സംഗീത ട്രൂപ്പ് നൂറു വേദികൾ പിന്നിട്ടു. ഭിന്നശേഷികളുള്ളവരുടെ ക്ഷേമ-പുനരധിവാസ പ്രവർത്തനത്തിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ രൂപം നൽകിയ സഹൃദയ മെലഡീസ് നൂറു വേദികൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷം നാളെ വൈകിട്ട് ആറിന് എറണാകുളം ടൗണ്‍ഹാളിൽ നടക്കും.
മെലഡീസ് കലാകാരന്മാരെ ആദരിക്കുകയും അവർക്കു പുരസ്കാരങ്ങൾ നൽകുകയും ചെയ്യുന്നതാണ് ചടങ്ങ്. മന്ത്രി കെ.കെ. ഷൈലജ പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. എൽഎമാരായ ഹൈബി ഈഡൻ, പി.ടി. തോമസ്, മേയർ സൗമിനി ജയിൻ, ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള, എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരും സിനിമ, സംഗീത മേഖലകളിലെ പ്രമുഖരും വിശിഷ്ടാതിഥികളായെത്തും.
ഭിന്നശേഷികളുള്ളവർക്ക് തടസരഹിത സാഹചര്യങ്ങളും ക്ഷേമ-പുനരധിവാസ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി സഹൃദയ ആരംഭിക്കുന്ന എബിലിറ്റി സെന്ററിന്റെ പ്രവർത്തനങ്ങൾക്കു ചടങ്ങിൽ തുടക്കം കുറിക്കുമെന്നു ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു.
ശാരീരിക, മാനസിക പരിമിതികളുടെ പേരിൽ, അന്തർമുഖരായി വീടിന്റെ നാലുചുവരുകൾക്കുള്ളിൽ സ്വയം ബന്ധിതരായി കഴിഞ്ഞിരുന്നവരെ കണ്ടെത്തി, അവരുടെ സർഗശേഷികൾ പ്രോത്സാഹിപ്പിച്ച് ഒരു സംഘമാക്കി വളർത്തിയെടുത്തത് രണ്ടുവർഷം മുന്‍പാണ്. ഗാനമേള, മിമിക്സ്, ഡാൻസ്, മാജിക് ഷോ തുടങ്ങിയവ ഉൾപ്പെടുത്തി മെഗാഷോയാണ് സഹൃദയ മെലഡീസ് അവതരിപ്പിച്ചുവരുന്നത്.
മലയാറ്റൂരിൽനിന്നുള്ള സജി, ഡിക്സണ്‍ പള്ളുരുത്തി, സാബു വരാപ്പുഴ, അനിൽ ശ്രീമൂലനഗരം, നവ്യ തോമസ്, ആരാധന എന്നിവരാണ് ഗാനമേളയ്ക്ക് നേതൃത്വം നൽകുന്നത്. സതീഷ് തിരുവനന്തപുരം മാജിക് ഷോ അവതരിപ്പിക്കുന്നു. ടിവി താരം കൂടിയായ പ്രദീപ് പെരുന്പാവൂരിന്റെ നേതൃത്വത്തിലാണ് മിമിക്സ് കൈകാര്യം ചെയ്യുന്നത്.
പെരുമാനൂർ പള്ളിയിലെ തിരുനാൾ ആഘോഷമായിരുന്നു നൂറാമത്തെ വേദി. വേദിയിൽ ലഭിക്കുന്ന സംഭാവനകൾ സഹൃദയയുടെ ആശാകിരണം കാൻസർ സുരക്ഷാ യജ്ഞത്തിലൂടെ നിർധനരായ കാൻസർ രോഗികൾക്കായി സമ്മാനിച്ചു കാരുണ്യത്തിൽ പുതിയ മുഖമാകുകയാണിവർ.ഓഖി ദുരന്ത തീരങ്ങളിൽ സാന്ത്വനം പകരാനായി സൗജന്യ ഷോകൾ നടത്തി ഇവർ സമാഹരിച്ച ഒന്നര ലക്ഷം രൂപ കെസിബിസി യുടെ ഓഖി ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തിരുന്നു.
ഭിന്നശേഷിക്കാർക്കു തൊഴിലവസരങ്ങൾ പരിചയപ്പെടുത്തിയ ഡിസ്കവർ എബിലിറ്റി തൊഴിൽമേള, കാഴ്ച പരിമിതിയുള്ളവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബ്ലൈൻഡ് വാക്ക്, ചലനപരിമിതിയുള്ളവർക്കു പൊതുസ്ഥലങ്ങളിൽ തടസരഹിത പ്രവേശനം ഉറപ്പാക്കാനായി സംഘടിപ്പിച്ച ഇൻക്ലുസീവ് കൊച്ചി സഹൃദയ ഫെസ്റ്റ് തുടങ്ങിയവയും ഭിന്നശേ ഷിയുള്ളവർക്കായി സഹൃദയ നടപ്പാക്കിയ പദ്ധതികളാണ്.