തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണ ദൃശ്യങ്ങൾ നൽകാനാകില്ലെന്ന് പാലക്കാട് ദേശീയപാത പ്രൊജക്ട് ഡയറക്ടർ രാജ് പുരോഹിത്. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നേർകാഴ്ച മനുഷ്യാവകാശ സംരക്ഷണസമിതി സെക്രട്ടറി പി.ബി.സതീഷ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ നൽകിയ മറുപടിയിലാണ് ദൃശ്യങ്ങൾ സുരക്ഷ മുൻനിർത്തി നൽകാനാകില്ലെന്ന് പ്രൊജക്ട് ഡയറക്ടർ വ്യക്തമാക്കിയിരിക്കുന്നത്.
കുതിരാൻ തുരങ്ക നിർമാണത്തിന്റെയും മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള റോഡ് നിർമാണ പ്രവർത്തിയുടെയും നിർമാണ പുരോഗതിയുടേയും ദൃശ്യങ്ങൾ ഓരോ മൂന്നു മാസക്കാലത്തും മൂന്നുമണിക്കൂർ ദൈർഘ്യമുള്ള കോംപാക്ട് ഡിസ്കിലോ ഡിജിറ്റൽ വീഡിയോയിലോ ആക്കി ഹൈവേ അതോറിറ്റിക്ക് സമർപിക്കണമെന്ന് കരാറുള്ളതാണെന്ന് നേർക്കാഴ്ച മനുഷ്യാവകാശ സംരക്ഷണസമിതി സെക്രട്ടറി പി.ബി.സതീഷ് പറഞ്ഞു.
പൊതുജനങ്ങളുടെ സുരക്ഷയ്ക്കും റോഡ് നിർമാണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും അഴിമതി തടയുന്നതിനും വേണ്ടിയാണ് ഈ സുപ്രധാന കരാർ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നതത്രെ. കരാറിൽ ഈ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകരുതെന്ന് വ്യവസ്ഥയില്ലെന്നും നേർക്കാഴ്ച പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പലതവണ അപേക്ഷ നൽകിയിട്ടും പ്രൊജക്ട് ഡയറക്ടർ ഒരു മറുപടിയും നൽകിയില്ലെന്നും തുടർന്ന് ഹൈവേ അഥോറ്റിറ്റി റീജ്യണൽ ഓഫീസർക്ക് അപ്പീൽ നൽകുകയുമായിരുന്നു. റോഡ് നിർമാണത്തിലെ അഴിമതി മറച്ചുവെക്കുന്നതിനാണ് സുരക്ഷയുടെ പേരു പറഞ്ഞ് ദൃശ്യങ്ങൾ നൽകാതിരിക്കുന്നതെന്ന് നേർക്കാഴ്ച മനുഷ്യാവകാശ സമിതി പ്രസിഡന്റ് ഡോ.എം.കെ.സദാനന്ദൻ ആരോപിച്ചു.
വിവരാവകാശ നിയമ വകുപ്പു പ്രകാരം ആവശ്യപ്പെട്ട ദൃശ്യങ്ങൾ ലഭ്യമാക്കിത്തരണമെന്നും പ്രോജക്ട് ഡയറക്ടർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും മറ്റും ആവശ്യപ്പെട്ട് കേന്ദ്രവിവരാവകാശ കമ്മീഷന് നേർക്കാഴ്ച പ്രവർത്തകർ ഹർജി നൽകിയിട്ടുണ്ട്.