മലപ്പുറം: വിപണിയിൽ കോഴിയിറച്ചി വില കുതിക്കുന്നു. കഴിഞ്ഞ ഒരു മാസമായി കോഴി വില പ്രതിദിനം വർധിക്കുകയാണ്. ഒരു മാസത്തിനിടെ കോഴി വിലയിൽ കിലോക്ക് അന്പത് രൂപയുടെ വർധനവാണുണ്ടായത്. തമിഴ്നാട്ടിലെ കനത്ത മഴയെ തുടർന്ന് കോഴിഫാമുകളിൽ ഉത്പാദനം കുറഞ്ഞതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കോഴിയുടെ നിലവിലുള്ള ചില്ലറവിൽപ്പന വില കിലോക്ക് 130-140 ആണ്.കോഴിയിറച്ചിക്ക് 200 രൂപയും.ഒരു മാസം മുന്പ് കോഴി വില 80 രൂപയായിരുന്നു. ഇറച്ചിക്ക് 140-150 നിരക്കിലും. ദിവസം തോറും രണ്ടു രൂപ മുതൽ അഞ്ചു രൂപവരെ തുടർച്ചയായി വിലവർധിച്ചു വരികയാണെന്ന് കച്ചവടക്കാർ പറയുന്നു.
കേരളത്തിലേക്കു പ്രധാനമായും കോഴിയെത്തുന്ന തമിഴ്്നാട്ടിൽ കനത്ത മഴപെയ്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പല കോഴി ഫാമുകളുടെയും പ്രവർത്തനം തടസപ്പെട്ടു. ഇതോടെ ഉത്പാദനം കുറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന ജോലികളാണ് പ്രധാനമായും തടസപ്പെട്ടത്.
ഇതോടെ വളർച്ചയെത്തിയ കോഴികളുടെ എണ്ണം കുറഞ്ഞു. റംസാൻ മാസമായതോടെ ഡിമാന്റ് വർധിക്കുന്നതും വില വർധനവിന് കാരണമാകുന്നുണ്ട്. പ്രായമെത്താത്ത കോഴികളെയാണ് ഇപ്പോൾ കേരളത്തിലേക്കു കയറ്റി അയക്കുന്നത്. സാധാരണയായ ഫാമുകളിൽ നിന്ന് 40-45 ദിവസം പ്രായമായ കോഴികളെയാണ് വിൽക്കാറുള്ളത്. ഇവ പത്തു ദിവസം കൂടി ജീവിക്കും. അതിനുള്ളിൽ ചില്ലറ വിൽപ്പനക്കടകളിൽ നിന്ന് വിറ്റഴിയും.
എന്നാൽ ഇപ്പോൾ 25 ദിവസം പ്രായമായ കോഴികളെ പോലും കേരളത്തിലേക്ക് അയക്കുന്നുണ്ട്. ഇവക്ക് തൂക്കം കുറവായിരിക്കും. വിലവർധനവിനു ഇതും കാരണമായിട്ടുണ്ട്. നാട്ടിൽ പലയിടത്തും ഫാമുകളുണ്ടെങ്കിലും വിലവർധവിൽ വലിയ മാറ്റമൊന്നുമില്ല.
റംസാൻ പിറന്നതോടെ കോഴി ഇറച്ചിക്ക് ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. ഉയർന്ന വിലയിൽ ഇറച്ചി വാങ്ങേണ്ടി ഗതികേടിലാണ് നാട്ടുകാർ. മൽസ്യത്തിന്റെ വിലയിലും വലിയ വർധനവാണുണ്ടാകുന്നത്. ആവോലി, നെയ്മീൻ എന്നിവയുടെ ലഭ്യത കുറവാണ്. ആവോലി കിലോക്ക് 700 രൂപയാണ് വിപണി വില. ചെറുമൽസ്യങ്ങളുടെ വിലയും വർധിക്കുകയാണ്.