കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ പുരോഗമിക്കുന്നതിനിടെ എം.എല്‍.എമാരെ സ്വാധീനിക്കുന്ന ജനാര്‍ദ്ദന റെഡ്ഡിയുടെ ഓഡിയോ ക്ലിപ്പ് നേരത്തേ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ ചാക്കിലാക്കാന്‍ ബി.ജെ.പി പണമെറിയുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് കോണ്‍ഗ്രസ് പുറത്ത് വിട്ട ഓഡിയോ ക്ലിപ്പ്.
ഓഡിയോയുടെ പൂര്‍ണരൂപം:
ജനാര്‍ദ്ദന റെഡ്ഡി: ബസന ഗൗഡയല്ലേ… നിങ്ങള്‍ തിരക്കിലാണോ?
ബസനഗൗഡ: അതെ ഞാനാണ്. പറയൂ.
റെഡ്ഡി: മുന്‍പ് സംഭവിച്ചതൊക്കെ മറക്കൂ. മോശമായതൊക്കെ മറക്കൂ. ഞാന്‍ പറയുന്നത്, നല്ല സമയം തുടങ്ങിയെന്നാണ്. ഞാന്‍ ദേശീയ അധ്യക്ഷനുമായി ഒരു മീറ്റിംഗ് ശരിയാക്കാം. നിങ്ങള്‍ക്ക് അദ്ദേഹത്തോട് നേരിട്ട് സംസാരിച്ചിട്ട് തീരുമാനമെടുക്കാവുന്നതാണ്. ഏത് പദവിയാണ് വേണ്ടെതെന്ന്, എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്ക് പറയാം.
ബസനഗൗഡ: ഇല്ല സര്, എനിക്ക് ഏറ്റവും ആവശ്യമായ സമയത്ത് അവരാണ് എം.എല്‍.എ ടിക്കറ്റ് തന്നത്. അവരാണ് എന്നെ ഇവിടെയെത്തിച്ചത്.
റെഡ്ഡി: ഞാന്‍ ഒരു കാര്യം പറയാം. ബി.എസ്.ആര് ഉണ്ടാക്കിയപ്പോള്‍ മോശം സമയമായിരുന്നു. സാഹചര്യം നമുക്കെതിരായിരുന്നു. ഞങ്ങളെ വിശ്വസിച്ച് നിങ്ങള്‍ക്ക് ഒരുപാട് നഷ്ടമുണ്ടായി എന്നത് ശരിയാണ്. പക്ഷേ ഇപ്പോ ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് നൂറിരട്ടി വളരാം.
ശിവനാഗൗഡ നായക് ഞാന്‍ കാരണമാണ് മന്ത്രിയായത്. ഇന്ന് അദ്ദേഹം സ്വന്തം കാലില്‍ നില്ക്കാന് മാത്രം ശക്തനാണ്. ഇതൊക്കെ ഞാന്‍ കാരണമാണ്. രാജു ഗൗഡയും ഞാന്‍ കാരണം രക്ഷപ്പെട്ടതാണ്.
ബസനഗൗഡ: അതെയോ…
റെഡ്ഡി: നിങ്ങളുടെ ദൗര്‍ഭാഗ്യമായിരുന്നു. ഞങ്ങളുടെ സമയവും ശരിയല്ലായിരുന്നു. ഇന്ന് ശിവഗൗഡ ജയിച്ചെങ്കിലും അത് കൊണ്ട് ഉപയോഗമില്ല. നിങ്ങള്‍ മന്ത്രിയാവണം.
നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ. നിങ്ങള്‍ക്ക് ‘അദ്ദേഹ’ത്തോട് നേരിട്ട് സംസാരിക്കാനുള്ള അവസരമുണ്ടാക്കാം. അദ്ദേഹത്തോട് സംസാരിക്കാം. നിങ്ങള്‍ ഇതുവരെയുണ്ടാക്കിയതിന്റെ നൂറിരട്ടി സമ്പാദ്യം ഉണ്ടാക്കാം.
ബസനഗൗഡ: ക്ഷമിക്കണം സര്, അവരാണ് എനിക്ക് ഏറ്റവും അത്യാവശ്യമുള്ള സമയത്ത് ടിക്കറ്റ് തന്നത്. ഇത്തരം ഒരവസരത്തില്‍ അവരെ എനിക്ക് ചതിക്കാനാവില്ല. നിങ്ങളോടെനിക്ക് ബഹുമാനമുണ്ട്…
റായ്ച്ചൂര്‍ റൂറല്‍ എം.എല്‍.എ ബസനഗൌഡയെയാണ് ബി.ജെ.പി ചാക്കിലാക്കാന്‍ ശ്രമിച്ചത്. മന്ത്രിസ്ഥാനവും സ്വത്തും തരാമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്കും തടയാന്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനും മുന്നിലുള്ളത് 24 മണിക്കൂര്‍ ആണെന്നിരിക്കെ ചടുലമായ നീക്കങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്ന സൂചനയാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാണെന്നിരിക്കെ ഇരുഭാഗത്ത് നിന്നും എന്ത് കളികള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം.