ബംഗളുരു: ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് കോണ്ഗ്രസ്, ജെഡിഎസ് പാർട്ടികൾ തങ്ങളുടെ എംഎൽഎമാരെ ബംഗളുരുവിൽനിന്നു ഹൈദരാബാദിലേക്കു മാറ്റിയിരുന്നു. ദീർഘയാത്രയ്ക്കുശേഷം ഹൈദരാബാദിലെ ബൻജാര ഹിൽസിലുള്ള താജ് കൃഷ്ണ ഹോട്ടലിൽ എത്തിയതിനു പിന്നാലെ ഒരു കോണ്ഗ്രസ് എംഎൽഎയെ കാണാതായി.
എംഎൽഎയെ ബിജെപി ചാടിച്ചുകൊണ്ടുപോയെന്ന തരത്തിൽ ക്യാന്പിൽ വാർത്തകൾ പരന്നു. എന്നാൽ നീണ്ട തെരച്ചിലിനൊടുവിൽ അദ്ദേഹത്തെ കണ്ടെത്തി. ബംഗളുരുവിൽനിന്നു ഹൈദരാബാദിലേക്കുള്ള 600 കിലോമീറ്റർ ബസ് യാത്രയുടെ ക്ഷീണമകറ്റി സ്വിമ്മിംഗ് പൂളിൽ ആസ്വദിച്ച് കുളിക്കുകയായിരുന്നു എംഎൽഎ. ഇതോടെ മുൻകരുതലെടുത്ത പാർട്ടികൾ, എംഎൽഎമാർ ചാടിപോകാതിരിക്കാൻ മൊബൈൽ ആപ്പ് വഴി ഇവരുടെ നീക്കങ്ങൾ വീക്ഷിച്ചു.
വിമാന യാത്ര നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ് റോഡ് മാർഗം എംഎൽഎമാരെ ഹൈദരാബാദിലേക്കു കൊണ്ടുപോകാൻ കോണ്ഗ്രസ് തീരുമാനിച്ചത്. എന്നാൽ ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്ന് എംഎൽഎമാരെ ശനിയാഴ്ച രാവിലെതന്നെ തിരികെ ബംഗളുരുവിലെത്തിക്കുകയായിരുന്നു.