തിരുവനന്തപുരം: പിണറായി വിജയൻ കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയല്ല മാർക്സിസ്റ്റു പാർട്ടിയുടെ മാത്രം മുഖ്യമന്ത്രിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി, ധൂർത്ത്, കെടുകാര്യസ്ഥത ഇവ മൂന്നുമാണു ഇടതുപക്ഷ ഭരണത്തിന്റെ മുഖമുദ്രയെന്ന് അദ്ദേഹം പറഞ്ഞു .
കേരളത്തിൽ പോലീസ് രാജാണ്. കസ്റ്റഡി മരണങ്ങളും ലോക്കപ് മർദനവും തുടർക്കഥയാകുന്നു. കെല്ലപ്പെടുന്ന സിപിഎം പ്രവർത്തകരുടെ വീട്ടിൽ മാത്രം പോകുന്ന ഒരു മുഖ്യമന്ത്രിയെ കേരളത്തിൽ ആദ്യമായാണു കാണുന്നത്.
കുറ്റബോധം കൊണ്ടാണു പിണറായി വിജയൻ കൊല്ലപ്പെടുന്ന മറ്റു പാർട്ടിക്കാരുടെ വീട്ടിൽ പോകാത്തതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു യുഡിഎഫ് സംഘടിപ്പിച്ച വഞ്ചനാദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ജനവഞ്ചനയുടെ രണ്ടു വർഷമാണു കടന്നുപോയത്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് അധികാരത്തിലേറിയവർ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണു സ്വീകരിക്കുന്നത്. യുഡിഎഫ് ഭരണത്തിന്റെ ആദ്യത്തെ രണ്ടുവർഷത്തിലായിരുന്നു പ്രധാനപ്പെട്ട എല്ലാ വികസനപദ്ധതികൾക്കും തുടക്കം കുറിച്ചത്.
എന്നാൽ, പിണറായി ഭരണത്തിന്റെ രണ്ടു വർഷം പൂർത്തിയാകുമ്പോൾ ഏതെങ്കിലും ഒരു പദ്ധതി പുതുതായി ആരംഭിക്കാൻ കഴിഞ്ഞോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച പദ്ധതികൾ മരവിപ്പിക്കുക മാത്രമാണ് ഈ സർക്കാർ ചെയ്തത്. കൊച്ചി മെട്രോ യുഡിഎഫ് സർക്കാരിന്റെ സംഭാവനയാണെന്നും രമേശ് ചെന്നി ത്തല പറഞ്ഞു.