പള്ളുരുത്തി: കേരളത്തിന്റെ പൊതുജീവിതത്തിലെ നിറസാന്നിധ്യമായ പീതാംബരൻ മാസ്റ്റർക്ക് 90 തികയുന്നു. മാഷിന്റെ നവതിയാഘോഷം ഞായറാഴ്ച വൈകിട്ട് പള്ളുരുത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
അധികാര രാഷ്ടീയത്തിന്റെ വഴികളിൽനിന്നു മാറി നടന്ന പീതാംബരൻ മാസ്റ്റർ എല്ലാ കാലത്തും സോഷ്യലിസത്തിന്റെ പാതയിലാണ് സഞ്ചരിച്ചത്. അലക്കിത്തേച്ച ഖദർ കുപ്പായത്തിന്റെ വിശുദ്ധി പൊതുജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചു.
വഴിവിട്ട് ഒരു കാര്യത്തിലും മാഷ് ഇടപെട്ടില്ല. പരാതികളുണ്ടായപ്പോഴും അദ്ദേഹം നിലപാടുകളിൽ ഉറച്ചു നിന്നു. ആയിരക്കണക്കിന് ശിഷ്യന്മാരുള്ള പീതാംബരൻ മാഷ് രാഷ്ട്രീയവും അധ്യാപനവും ഒരു പോലെ കൊണ്ടു നടന്നയാളാണ്. 1948 മുതൽ അദ്ദേഹം അധ്യാപകനായിരുന്നു.
1962 മുതൽ കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകനായി. 64 മുതൽ 78 വരെ ഡിസിസി വൈസ് പ്രസിഡന്റായിരുന്നു. ഇതിനിടയിൽ 64ൽ പള്ളുരുത്തി പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 69 ൽ കൊച്ചി കോർപറേഷൻ രൂപീകരിച്ചപ്പോൾ കൗണ്‍സിലറായി. പത്ത് വർഷത്തോളം കൗണ്‍സിലറായിരുന്നു. 1980ൽ പള്ളുരുത്തിയിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1982ൽ രണ്ടാം തവണയും നിയമസഭാംഗമായി. 1999 മുതൽ അദ്ദേഹം എൻസിപിയുടെ ദേശീയ സെക്രട്ടറിയായി. ശരത് പവാറിന്റെ വിശ്വസ്തനായി. ഇപ്പോഴും ഇതേ സ്ഥാനത്ത് തുടരുന്നു.നിയമസഭയിലേക്കുള്ള ഓരോ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും മാഷിന് കടമായിരുന്നു ബാക്കി. പല തവണ ഭൂമി വിൽക്കേണ്ടി വന്നു.
പണ്ട് അച്ഛൻ പണിത വീട്ടിലാണ് ഇപ്പോൾ താമസം. എൻസിപിയുടെ ദേശീയ നേതാവായിരുന്ന കാലത്ത് അധികാരം കൈയിലുള്ളപ്പോഴും മാഷ് സാധാരണക്കാരിൽ സാധാരണക്കാരനായി നടന്നു. ഒരിക്കൽ മാഷിനെ ഗവർണറാക്കാൻ ശരത് പവാറും എൻസിപിയുടെ ഉന്നത നേതാക്കളും തീരുമാനിച്ചു. എന്നാൽ മാഷ് വഴങ്ങിയില്ല.
ഗവർണറായാൽ ജനങ്ങളുമായുള്ള ബന്ധം മുറിഞ്ഞു പോകുമെന്നാണ് മാഷ് പറഞ്ഞത്. അധികാരത്തേക്കാൾ തനിക്കിഷ്ടം സംഘടനാ പ്രവർത്തനമാണെന്ന് പറഞ്ഞ് അധികാര വഴികളിൽ നിന്ന് അദ്ദേഹം മാറി നടന്നു. അഴിമതിയുടെ കറപുരളാതെ ഏഴ് പതിറ്റാണ്ട് കാലം പൊതുരംഗത്ത് നിന്ന മാഷിന്റെ നവതിയാഘോഷം നാട്ടുകാരുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് ഇ.കെ സ്ക്വയറിൽ നടക്കുന്ന സമ്മേളനത്തിൽ എൻസിപി നേതാവ് പ്രഫുൽ പട്ടേൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.