ബോളിവുഡിലെ മുൻകാല സുന്ദരി മാധുരി ദീക്ഷിത് അഭിനയത്തിൽ മാത്രമല്ല, കുട്ടികളെ വളർത്താനും തനിക്കു നന്നായി അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ്. ചെറിയൊരിടവേളയ്ക്ക് ശേഷം ഇപ്പോൾ സിനിമയും നൃത്തവുമൊക്കെയായി താരം ബോളിവുഡിൽ സജീവമാണ്.
സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു ഡോക്ടറായ ശ്രീരാം മാധവ് നൈനയുമായുള്ള മാധുരിയുടെ വിവാഹം. തുടർന്ന് അമേരിക്കയിലേക്ക് പോയി. റയാൻ, ആരിൻ എന്ന രണ്ട് ആണ്കുട്ടികളാണ് മാധുരിക്ക്. കുറച്ച് നാളുകൾക്ക് മുന്പായിരുന്നു അമേരിക്കയിൽ നിന്നും മാധുരിയും കുടുംബവും മുംബൈയിലേക്ക് തിരികെയെത്തിയത്.
ബോളിവുഡിലെ കർക്കശക്കാരിയായ അമ്മയെന്നാണ് മാധുരിക്ക് വീണിരിക്കുന്ന പേര്. അതിൽ സത്യമുണ്ടെന്ന് താരവും സമ്മതിക്കുന്നു. വളർന്നു വരുന്ന കുട്ടികൾക്ക് അച്ചടക്കം അത്യാവശ്യമാണ്. അതിനായി അൽപ്പം സ്ട്രിക്ടാവണമെന്നും മാധുരി പറയുന്നു.
മകൻ ഒരിക്കൽ സ്കൂളിലെ എസ്സെ കോംപറ്റീഷനിൽ എന്റെ അമ്മ സ്ട്രിക്ടാണെന്ന് എഴുതി, അത് സത്യമാണ്. ചെറുപ്രായത്തിൽ ശീലിക്കുന്ന അച്ചടക്കം സ്വാഭാവികമായി അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറും. മുതിർന്നവരോടുള്ള ബഹുമാനം കുട്ടികൾ കാത്തുസൂക്ഷിക്കണമെന്ന് തനിക്ക് നിർബന്ധമാണെന്നും മാധുരി പറയുന്നു.
കുട്ടികൾ സ്വതന്ത്രരായി വളരണമെന്നാണ് മാധുരി പറയുന്നത്. സ്വന്തമായി തന്നെ ജീവിതമെന്താണെന്ന് അവർ പഠിക്കണം. കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനൊപ്പം അതിന് പിന്നിലെ തങ്ങളുടെ അധ്വാനത്തിന്റെ വിലയും കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കും.
ജീവിതത്തിൽ വിജയിക്കാൻ കഠനാധ്വാനം അനിവാര്യമാണെന്ന പാഠം കുട്ടികളുമായി പങ്കുവയ്ക്കാറുണ്ടെന്നും താരം പറഞ്ഞു.ഉത്തരവാദിത്വങ്ങൾ കുടുംബമൊന്നാകെ പങ്കിടണം. കെട്ടുറപ്പുള്ള ഒരു കുടുംബത്തിന് അത് അത്യാവശ്യമാണെന്നും, അത് കണ്ട് വളരുന്ന കുട്ടികൾ ഒരിക്കലും സ്വാർത്ഥരായി വളരില്ലെന്നും മാധുരി പറയുന്നു.