സിനിമയിൽ അമ്മയില്ല എന്നു പറയുന്പോഴും ഇന്നത്തെ മിക്ക യുവതാരങ്ങളുടേയും അമ്മയായി അഭിനയിക്കാൻ സാധിച്ചു. ഞാൻ 1983 ചെയ്യുന്ന സമയത്ത് മലയാള സിനിമയിൽ അമ്മ എന്നു പറയുന്ന കണ്സെപ്റ്റേയില്ല.
അമ്മമാരായി അഭിനയിക്കുന്ന പലർക്കും ജോലിയില്ലാതിരിക്കുന്പോഴാണ് ആ വേഷത്തിൽ ഞാനെത്തുന്നത്. പിന്നീട് കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഋത്വിക് റോഷൻ, അലമാര, സഖാവ്, ക്രോസ്റോഡ്, ആകാശമിഠായി, വികടകുമാരൻ വരെ നിറയെ സിനിമകളുടെ ഭാഗമായി.
അമ്മയായി അഭിനയിക്കുന്പോൾ മനസിൽ എന്താണ് തോന്നുന്നത്?
യുവതാരങ്ങൾക്കൊപ്പം അഭിനയിക്കാനെത്തുന്പോൾ അവരിലൊരാളായാണ് എന്നെയും കരുതുന്നത്. കഥാപാത്രത്തിനായി സാരിയൊക്കെയുടുത്ത് നരയിട്ടു വരുന്പോൾ കാമറയ്ക്കു മുന്നിൽ മാത്രമാണ് അമ്മയാകുന്നത്.
അമ്മ എന്നതിനപ്പുറം ഒരു കൂട്ടുകാരി എന്ന കണ്സിഡറേഷൻ നമുക്ക് അവർ നൽകുന്നുണ്ട്. സീനിയർ ആൾക്കാർക്കൊപ്പം ജോലി ചെയ്യുന്പോൾ പേടിച്ചു മാറിനിൽക്കുന്നിടത്താണ് ഇവർക്കൊപ്പം നമ്മൾ വളരെ കൂളായി വർക്കു ചെയ്യുന്നത്.
തേടിവരുന്ന കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കുമോ?
ഒരുപാട് ആഗ്രഹത്തോടെ സിനിമയിൽ വന്നതാണ് ഞാൻ. ആയുസിന്റെ പകുതി കഴിഞ്ഞപ്പോഴാണ് ഇത്രയും അവസരങ്ങൾ കിട്ടുന്നത്. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പിൽ അത്രമാത്രം ചൂസിയാകില്ല ഞാൻ. നമ്മളെ തേടിയെത്തുന്ന കഥാപാത്രങ്ങളെ മികച്ചതാക്കുകയെന്നതാണ് ലക്ഷ്യം.
അമ്മയിൽ നിന്നും മാറി ചേച്ചി പോലൊക്കെയുള്ള കഥാപാത്രങ്ങളും സ്റ്റൈലിഷായതും ചെയ്യണമെന്നു മനസിലുണ്ട്. മാറിനിന്നു നമുക്ക് ആഗ്രഹിക്കാനൊക്കില്ല. ഇവിടെത്തന്നെ നിൽക്കണം. അപ്പോൾ കിട്ടുന്ന വേഷം കൃത്യമാക്കാനാണ് നോക്കുന്നത്.
കോമഡി ചെയ്യാൻ സാധിക്കുമെന്നു കരുതിയിരുന്നോ?
ഞാൻ മുന്പ് നാടകത്തിൽ ചെയ്തിരുന്നത് സിറ്റുവേഷൻ കോമഡിയാണ്. പിന്നെ സിനിമയിലെത്തിയപ്പോൾ എല്ലാം ഇമോഷണൽ ടച്ചുള്ളതായി. കുഞ്ഞിരാമായണത്തിലേതു കല്പനച്ചേച്ചിയായിരുന്നു ചെയ്യേണ്ടിയിരുന്നത്.
പക്ഷേ, ഒരു തമിഴ് ചിത്രവുമായി മലേഷ്യയിലായതിനാൽ ചേച്ചിക്കു വരാൻ പറ്റാതെയായി. അങ്ങനെയാണ് ആ കഥാപാത്രം എന്നിലേക്കെത്തുന്നത്. കല്പനച്ചേച്ചി ചേച്ചി ചെയ്യാനിരുന്ന ഒരു കഥാപാത്രം എന്നെ തേടി വരുന്നതു തന്നെ ഒരു ഭാഗ്യമാണ്. ആ കഥാപാത്രം എന്റെ പതിവു കഥാപാത്രങ്ങളിൽ നിന്നുള്ള പാതയെ മാറ്റി മറിച്ചു. അലമാരയും അത്തരത്തിലുള്ളതായിരുന്നു.
സിനിമയുടെ തിരക്കിനിടയിലും സീരിയലിൽ സജീവമായി നിൽക്കുന്നുണ്ടല്ലോ?
ഞാൻ വന്നത് നാടകത്തിൽ നിന്നുമാണ്. നാടകത്തിൽ നിന്നും സീരിയലിലേക്കു വരുന്പോൾ നാടകത്തിനെ തള്ളിപ്പറയുകയും പിന്നെ സിനിമയിലേക്കു വരുന്പോൾ സീരിയലിനെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരുപാടുപേരെ കണ്ടിട്ടുണ്ട്.
എന്റെ വീട്ടിലെ ചോറ് കലയിൽ നിന്നുള്ളതാണ്. അതുകൊണ്ടു തന്നെ ഒന്നിനേയും എനിക്കു തള്ളിപ്പറയാനാകില്ല. നാളെ സിനിമ ഇല്ലാതായാലും എനിക്കു സീരിയൽ ഉണ്ട്. അല്ലെങ്കിൽ നാടകമുണ്ട്. ഇതൊന്നുമല്ലാതെ മറ്റൊന്നും ചെയ്യാനുള്ള പാണ്ഡിത്യമില്ല.
സിനിമയുടെ എത്ര തിരക്കു വന്നാലും സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടിയാൽ ഇനിയും ചെയ്യും. നാടകവും അങ്ങനെയാണ്. ലാലേട്ടനൊപ്പം ഛായാമുഖി എന്ന നാടകത്തിൽ ഞാനും ഉണ്ടായിരുന്നു.
തമിഴിൽ വിജയ് ചിത്രം ഭൈരവയിലൂടെ തുടക്കം. പിന്നീട് തമിഴിൽ നിന്നും അവസരങ്ങൾ വന്നില്ലേ?
ഭൈരവയ്ക്കു ശേഷം ഒന്നു രണ്ടു ചിത്രങ്ങൾ വന്നിരുന്നു. പക്ഷേ, നമ്മൾ ഇവിടെനിന്നും അവിടെപ്പോയി ചെയ്യുന്പോൾ അതു മെച്ചപ്പെട്ടതാകണം. വിജയ് നായകനായുള്ള ഭൈരവ ഒരു തുടക്കം എന്ന രീതിയിലാണ് ചെയ്തത്. വീണ്ടും അത്തരത്തിൽ മാത്രം ചെറിയ കഥാപാത്രങ്ങൾക്കായി വിളിച്ചപ്പോൾ വേണ്ട എന്നു പറഞ്ഞു.
സിനിമകളുടെ തിരക്ക് വലിയ പോപ്പുലാരിറ്റി നൽകിയോ?
നൂറ്റിയിരുപത്തിയഞ്ചിലധികം സിനിമകൾ ചെയ്തെങ്കിലും മലയാളികൾ എന്നെ തിരിച്ചറിയുന്നത് സീരിയലിലെ കഥാപാത്രമായാണ്. കുഞ്ഞിരാമായണവും അലമാരയും കട്ടപ്പനയും ചെയ്തിട്ടും പ്രേക്ഷകർ സീരിയലിലെ കഥാപാത്രങ്ങളുടെ പേരിലാണ് വിളിക്കുന്നത്.
ഇത്രമാത്രം സിനിമകൾ ചെയ്തിട്ടും സിനിമ അവിടെ മാറി നിൽക്കുന്നു. ചെറുപ്പം മുതൽ തന്നെ നാടകവും സിനിമയും കണ്ടുവളർന്നതുകൊണ്ട് പ്രശസ്തിയുടെ ലോകം എന്നെ ഒരിക്കലും ഭ്രമിപ്പിച്ചിട്ടില്ല.
അഭിനയത്തിനൊപ്പം ഏറെ പ്രത്യേകതയുള്ള ശബ്ദമാണല്ലോ?
എല്ലാവരും വേഗത്തിൽ തിരിച്ചറിയുന്ന ശബ്ദമാണ്. പകുതി കാറ്റും പകുതി ശബ്ദവുമാണ്. ശബ്ദം നന്നാക്കാനായി പലരും മരുന്നൊക്കെ പറഞ്ഞു തന്നിട്ടുള്ളതാണ്. പക്ഷേ, ആ ശബ്ദംകൂടിയാണ് നമ്മളെ അവിടെ പിടിച്ചു നിർത്തിയേക്കുന്നത്. അഭിനയിക്കുന്പോൾ ചെറിയ വിഷയം പോലും എന്റെ ശബ്ദത്തിനെ ബാധിക്കും. അതു ഡബ്ബിംഗിലും ഗുണകരമാവാറുണ്ട്.